08:12 am 7/3/2017

കെന്‍റ്: സമുദായാംഗങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന നേതാവ് സത്വീന്ദര്‍ കൗറിന്‍െറ നിര്‍ദേശം ആശങ്കയോടെയാണ് അവര്‍ കേട്ടത്. ആ ആരാധനാലയത്തില്‍ കൂടിനിന്നവര്‍ പരസ്പരം അഭിവാദ്യം ചെയ്യുമ്പോഴും അവരുടെ മുഖങ്ങളില്‍ ഭയപ്പാട് ബാക്കിയായിരുന്നു. കഴിഞ്ഞ ദിവസത്തെ വംശീയാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ തൊട്ടടുത്ത റെന്‍റണ്‍ പട്ടണത്തിലെ സിഖ് ദേവാലയത്തില്‍ ഒരുമിച്ചുകൂടിയതാണ് ഇവര്‍. സിഖ് മതവിശ്വാസികളായ നൂറുകണക്കിന് ആളുകളാണ് ഈ കൂടിച്ചേരലിന് എത്തിയത്. ഞായറാഴ്ചത്തെ പ്രാര്‍ഥനസമയത്താണ് ഒത്തുചേരല്‍ നടന്നത്. ദീപ് റായിക്കുനേരെയുണ്ടായ ആക്രമണം സിഖ് സമൂഹത്തെ ഞെട്ടിച്ചതായി സത്വീന്ദര്‍ തുറന്നുപറഞ്ഞു.
മുഖാമുഖമിരുന്നാണ് സ്ത്രീകളും പുരുഷന്മാരും ദേവാലയത്തില്‍ തങ്ങളുടെ ഭീതി പങ്കുവെച്ചത്. പൊതുഇടങ്ങളിലും കടകളിലും ജോലിസ്ഥലത്തും പോകാന്‍ ഭയമുള്ളതായി ചിലര്‍ തുറന്നുപറഞ്ഞു. പലരും തങ്ങള്‍ക്കുണ്ടായ ചെറുതും വലുതുമായ വംശീയാധിക്ഷേപങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. പേരു വിളിക്കുമ്പോഴും അഭിസംബോധന ചെയ്യുമ്പോഴും ചിലര്‍ പ്രത്യേക രീതി സ്വീകരിക്കുന്നതും ചിലര്‍ ചൂണ്ടിക്കാട്ടി. സമത്വവും സമാധാനവും പഠിപ്പിക്കുന്ന സിഖ് ദര്‍ശനത്തെ ആളുകള്‍ മനസ്സിലാക്കാത്തതാണ് വെറുപ്പ് ഉല്‍പാദിപ്പിക്കുന്നതെന്ന് 24കാരനായ സന്ദീപ് സിങ് ചൂണ്ടിക്കാട്ടി. അമേരിക്കന്‍ നാവികസേനയില്‍ പ്രവര്‍ത്തിച്ച, ഇറാഖ് യുദ്ധത്തില്‍ പങ്കാളിയായ ഗുര്‍ജോത് സിങ്ങും കൂട്ടത്തിലുണ്ടായിരുന്നു. കാഴ്ചയില്‍ തങ്ങളില്‍നിന്ന് വ്യത്യസ്തരായ ആളുകളെ ശത്രുക്കളായി കാണുന്ന അവസ്ഥയില്‍ അദ്ദേഹം ആശങ്ക പങ്കുവെച്ചു. കെന്‍റിന്‍െറ സമീപപ്രദേശങ്ങളിലെ സിഖുകാര്‍ക്കുള്ള ഭീതി അമേരിക്കയിലെ മറ്റു പ്രദേശങ്ങളില്‍ കഴിയുന്ന സമുദായാംഗങ്ങള്‍ക്കുമുണ്ട്.
