വിമാനത്താവളത്തിലെത്തിയ അരുണാചൽ പ്രദേശ് ബിജെപി അധ്യക്ഷനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു.

12:22 am 8/3/2017
download (3)

ന്യൂഡൽഹി: കണക്കിൽപ്പെടാത്ത പണവുമായി വിമാനത്താവളത്തിലെത്തിയ അരുണാചൽ പ്രദേശ് ബിജെപി അധ്യക്ഷനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. 10.5 ലക്ഷം രൂപയുമായി ഗോഹട്ടി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് തപിർ ഗവോയെ തടഞ്ഞുവയ്ക്കുന്നത്.

തെരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരിൽനിന്നാണ് ഗവോ ഗോഹട്ടിയിൽ എത്തിയതെന്ന് സിഐഎസ്എഫ് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചിരിക്കുതിൽ അധികം പണം കൈയിൽ കരുതിയതിനാലാണ് ഗവോയെ ചോദ്യം ചെയ്തതെന്ന് വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് വ്യക്തമാക്കി.

നോട്ട് നിരോധിക്കലിനുശേഷം കള്ളപ്പണം കൈയിലുള്ളവർക്ക് അത് വെളുപ്പിക്കാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയായ പ്രധാൻ മന്ത്രി ഗരീബ് കല്യാണ്‍ യോജ്നയിൽ നിഷേപിക്കുന്നതിനുള്ള പണമാണ് ഗവോയുടെ കൈവശം ഉണ്ടായിരുന്നതെന്നാണ് ആദാനികുതി വൃത്തങ്ങൾ നൽകുന്ന സൂചന. ഇത്തരം പണനിക്ഷേപങ്ങളുടെ രഹസ്യസ്വഭാവം നിലനിർത്തുമെന്നും സർക്കാർ അറിയിച്ചിരുന്നു. ഈ മാസം 31വരെയാണ് കള്ളപ്പണം നിക്ഷേപിക്കുന്നതിനുള്ള കാലാവധി. എന്നാൽ ഇത് തന്‍റെ കൈവശമുള്ള പണമാണെന്നും തെരഞ്ഞെടുപ്പുമായി പണത്തിനു ബന്ധമില്ലെന്നുമാണ് തപിറിന്‍റെ വാദം.

നേരത്തെ, ഇംഫാൽ വിമാനത്താവളത്തിൽ ഗവോയെ തടഞ്ഞുവെച്ചങ്കിലും പിന്നീട് യാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു.

2004, 2009 വർഷങ്ങളിൽ അരുണാചൽ ഈസ്റ്റിൽനിന്നുള്ള ബിജെപി എംപിയായിരുന്നു ഗവോ. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇദ്ദേഹം അരുണാചൽ ബിജെപി അധ്യക്ഷനാകുന്നത്.