തന്‍െറ വിജയത്തിനു പിന്നില്‍ രണ്ടു പുരുഷന്മാരാണുള്ളതെന്ന് വിധു വിന്‍സെന്‍റ്.

09:44 am 8/3/2017

images (5)

കോഴിക്കോട്: പെണ്ണായ തന്‍െറ വിജയത്തിനു പിന്നില്‍ രണ്ടു പുരുഷന്മാരാണുള്ളതെന്ന് വിധു വിന്‍സെന്‍റ്. പിതാവ് എം.പി. വിന്‍സെന്‍റും തിരക്കഥാകൃത്ത് സുരേഷ് ഓമനക്കുട്ടനുമാണ് എല്ലാ പിന്തുണയും തന്നത്. മികച്ച ചിത്രമായി ‘മാന്‍ഹോളും’ സംവിധായികയായി താനും തെരഞ്ഞെടുക്കപ്പെട്ടത് സന്തോഷകരമാണ്. പുരസ്കാര പ്രഖ്യാപനശേഷം വനിത ചലച്ചിത്ര വേദിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

സമൂഹത്തെ ചലിപ്പിക്കുന്ന ഉപകരണമായി മാറാന്‍ തന്‍െറ സിനിമക്കായി. ഇതിന്‍െറ രാഷ്ട്രീയം സംസ്ഥാന ബജറ്റില്‍ പരാമര്‍ശിക്കുകയും മാന്‍ഹോള്‍ വൃത്തിയാക്കുന്നത് യന്ത്രവത്കരിക്കുന്നതിന് 10 കോടി രൂപ നീക്കിവെക്കുകയുമുണ്ടായി. അത്തരത്തിലൊരു ചിന്തയിലേക്ക് ഭരണകൂടത്തെ എത്തിക്കാനായത് വലിയ നേട്ടമാണ്. അതുതന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഓസ്കര്‍ കിട്ടിയതിന് തുല്യമായിരുന്നു. മുഖ്യധാര സിനിമക്കിടയില്‍ ഇത്തരമൊരു ചിത്രം പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത് സത്യത്തില്‍ ഞെട്ടിച്ചു.

സാംസ്കാരിക രംഗത്തിനപ്പുറത്തേക്ക് രാഷ്ട്രീയ ജീവിതത്തിലേക്കും സിനിമ വിരല്‍ചൂണ്ടിയെന്നതിന്‍െറ തെളിവുകൂടിയാണ് അംഗീകാരം. സിനിമയുമായി സഹകരിച്ച പലര്‍ക്കും ഇതുവരെ വേതനംപോലും നല്‍കിയിട്ടില്ല. ഈ സിനിമയുടെ സൗന്ദര്യമില്ലായ്മതന്നെയാണ് അതിന്‍െറ സൗന്ദര്യം. മാര്‍ക്കറ്റില്‍ വിജയം നേടുന്ന സിനിമ ഇനി സംവിധാനം ചെയ്താലും എന്‍െറ രാഷ്്ട്രീയവും ചിന്തയും അതിലുണ്ടാകും. മാര്‍ക്കറ്റിനിഷ്ടപ്പെട്ട രാഷ്ട്രീയമാണോ നമ്മള്‍ പിന്തുടരേണ്ടത് എന്നൊരു ചോദ്യം എപ്പോഴും മുന്നിലുണ്ട്. സത്യത്തില്‍ നമ്മള്‍ പറയുന്ന രാഷ്ട്രീയത്തില്‍ സമൂഹത്തെ ഇടപെടീക്കുകയാണ് വേണ്ടത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് അവാര്‍ഡ് നല്‍കി ഭരണകൂടും ഒരു സന്ദേശം നല്‍കുന്നുണ്ട്. അത് സിനിമലോകവും പ്രേക്ഷകരും തിരിച്ചറിയണം എന്നാണ് എന്‍െറ അഭിപ്രായം.