07:05 pm 8/3/2017
ദുബൈ: ദുബൈയില്‍ 24 മണിക്കൂറിനുള്ളില്‍ കേസില്‍ വിധി പറയുന്ന കോടതികള്‍ വരുന്നു.
ബുധനാഴ്ച മുതല്‍ പൊലീസ് സ്റ്റേഷഷനുകളില്‍ ഇത്തരം കോടതികള്‍ പ്രവര്‍ത്തനമാരംഭിക്കും. പുതിയ കോടതികള്‍ക്ക് ദുബൈ ഭരണാധികാരി അനുമതി നല്കി.
ചെറുകുറ്റകൃത്യങ്ങളില്‍ ഒരുദിവസത്തിനകം വിധി പറയുന്ന ഈ കോടതികള്‍ക്ക് വണ്‍ഡേ മിസ്ഡമൈനര്‍ കോര്‍ട്ട് എന്നാണ് പേര്. പൊലീസ് സ്റ്റേഷനുകളില്‍ ബുധനാഴ്ച മുതല്‍ ഇത്തരം കോടതികള്‍ ആരംഭിക്കാന്‍ ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്കി.
21 തരം കേസുകളില്‍ രണ്ട് ഘട്ടങ്ങളിലായി 24 മണിക്കൂറിനുള്ളില്‍ ഈ കോടതികള്‍ വിധി പറയും. കേസ് തീര്‍പ്പിനായുള്ള കാത്തിരിപ്പ് 60 ശതമാനം കുറക്കാന്‍ മാത്രമല്ല, സര്‍ക്കാറിന് കോടതി ചെലവില്‍ 400 ലക്ഷം ദിര്‍ഹം ലാഭമുണ്ടാക്കാനും ഇത് വഴിയൊരുക്കുമെന്നാണ് കണക്ക്.
അനധികൃതമായി രാജ്യത്ത് പ്രവേശിക്കുക, താമസിക്കുക, രാജ്യത്ത് നിന്ന് നാടുകടത്തപ്പെടുക, വിലക്ക് ലംഘിച്ച് ജോലി ചെയ്യുക, സ്പോണ്സറില് നിന്ന് ഒളിച്ചോടുക തുടങ്ങിയ കേസുകളില്‍ താമസകുടിയേറ്റ ഡയറക്ടറേറ്റിലെ ഏകദിന കോടതി തീര്‍പ്പുണ്ടാക്കും. മദ്യം കൈവശംവെക്കല്‍, മദ്യത്തിന്െര് ദുരുപയോഗം, വണ്ടി ചെക്ക് കേസുകള്‍, യാചന, അനധികൃത കച്ചവടം എന്നീ കേസുകളില്‍ പൊലീസ് സ്റ്റേഷനുകളിലെ കോടതി തന്നെ വിധി പറയും. മദ്യപിച്ച് വാഹനമോടിക്കല്‍, വണ്ടിയിടിച്ച് നാശമുണ്ടാക്കല്‍, ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍ തുടങ്ങിയ കേസുകളില്‍ ഗതാഗത വിഭാഗം പബ്ളിക് പ്രോസിക്യൂഷനും അന്നേ ദിവസം തീര്‍പ്പുണ്ടാക്കും.