ട്രെയിന്‍ സ്ഫോടനത്തിന്‍െറ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ പിടിയിലായി.

08:55 am 10/3/2017
download (1)

ലഖ്നോ: ചൊവ്വാഴ്ച ഭോപാലിലുണ്ടായ ട്രെയിന്‍ സ്ഫോടനത്തിന്‍െറ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍െറ പിടിയിലായി. മുഹമ്മദ് ഗൗസ് ഖാന്‍ എന്നയാളാണ് കാണ്‍പൂരില്‍ പിടിയിലായതെന്നും ഇയാളെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നും യു.പി എ.ഡി.ജി.പി ദല്‍ജിത് ചൗധരി പറഞ്ഞു.

അസ്ഹര്‍ എന്ന മറ്റൊരാളും അറസ്റ്റിലായതായി അദ്ദേഹം അറിയിച്ചു. എന്നാല്‍, അസ്ഹര്‍ എവിടെവെച്ച് പിടിയിലായെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. സ്ഫോടനത്തില്‍ പങ്കാളിയായി എന്നു കരുതുന്ന സൈഫുല്ല എന്നയാളെ കഴിഞ്ഞ ദിവസം യു.പിയിലെ ഠാകുര്‍ഗഞ്ചില്‍വെച്ച് സുരക്ഷ സേന വധിച്ചിരുന്നു.
സ്ഫോടനത്തിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് മുഹമ്മദ് ഗൗസ് ആയിരുന്നുവെന്ന് ചൗധരി പറഞ്ഞു. അസ്ഹര്‍ സ്ഫോടനത്തിനുള്ള ആയുധങ്ങള്‍ എത്തിച്ചു.

ഈ രണ്ട് അറസ്റ്റോടെ സംഭവത്തില്‍ ഐ.എസ് ബന്ധം സംശയിക്കുന്ന മുഴുവന്‍ പേരും പിടിയിലായെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭോപാല്‍-ഉജ്ജെന്‍ ട്രെയിന്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ ഇതിനകം യു.പി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐ.എസ് ബന്ധം ആരോപിച്ച് മധ്യപ്രദേശ് പൊലീസിന്‍െറ കസ്റ്റഡിയിലും ഏതാനും പേരുണ്ട്.