ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യയില്‍ വിമാന കമ്പനി തുടങ്ങുന്നു

07:33 pm 10/3/2017

– ജോര്‍ജ് ജോണ്‍
Newsimg1_67631398

ഫ്രാങ്ക്ഫര്‍ട്ട്-ദോഹ: ലോകത്ത് അതിവേഗം വളര്‍ന്നുകൊണ്ട ിരിക്കുന്ന വിമാനകമ്പനികളിലൊന്നായ ഖത്തര്‍ എയര്‍വെയ്‌സ് ലിമിറ്റഡ് ഇന്ത്യയില്‍ സ്വന്തമായി വിമാനകമ്പനി ആരംഭിക്കുന്നു. യാത്രാ നിരക്കില്‍ ഗണ്യമായ കുറവുണ്ടാവുമെന്ന പ്രതീക്ഷിക്കുന്ന ഖത്തര്‍ എയര്‍വെയ്‌സിന്റെ നീക്കം ഈ രംഗത്തെ പ്രമുഖരെയെല്ലാം ആശങ്കാകുലരാക്കുന്നു. തുടക്കത്തില്‍ തന്നെ 100 വിമാനങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ കമ്പനി ഇന്ത്യയില്‍ ആരംഭിക്കാനുള്ള നീക്കമാണ് ഖത്തര്‍ എയര്‍വ്വെയ്‌സ് നടത്തുന്നത്. ലോകത്തെ പ്രമുഖ വിമാനകമ്പനികളിലൊന്നാണ് ഖത്തര്‍ എയര്‍വെയ്‌സ്. പുതിയ വിമാനകമ്പനി ഇന്ത്യയില്‍ ആരംഭിക്കുന്ന വിവരം കമ്പനി സിഇഒ അക്ബര്‍ അല്‍ബെക്കര്‍ ആണ് മാധ്യമങ്ങളെ അറിയിച്ചത്.

ഖത്തര്‍ എയറിന്റെ സാമ്പത്തിക സ്രോതസായ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഏറ്റവും അനുയോജ്യമായ വിമാനങ്ങളാണ് ഇന്ത്യയില്‍ ഇറക്കുക. ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യയില്‍ വിമാനകമ്പനി ആരംഭിക്കുകയാണെങ്കില്‍ ഇന്ത്യയിലെ പ്രഥമ വിദേശ വിമാന കമ്പനിയാവും അത്. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജൂണില്‍ ബില്ല് പാസാക്കിയിരുന്നു

നേരത്തെ ഇന്ത്യന്‍ വിമാനകമ്പനിയായ ഇന്‍ഡിഗോയുടെ ഓഹരികള്‍ വാങ്ങാന്‍ ഖത്തര്‍ എയര്‍വെയ്‌സ് ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഇതുവരെ വിദേശ വിമാനകമ്പനികള്‍ക്ക് ഇന്ത്യയിലെ വിമാനകമ്പനികളുടെ ഓഹരികള്‍ വാങ്ങാന്‍ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. കഴിഞ്ഞ ജൂണിലാണ് സമ്പൂര്‍ണ വിദേശ നിക്ഷേപം അനുവദിച്ചത്. എന്നാല്‍ ലൈസന്‍സ് ലഭിക്കണമെങ്കില്‍ കമ്പനിയുടെ അധ്യക്ഷനും മൂന്നില്‍ രണ്ട് ഡയറക്ടറന്മാരും ഇന്ത്യക്കാരാവണമെന്ന നിബന്ധനയുണ്ട്.

നിലവില്‍ മൂന്നു ഇന്ത്യന്‍ വിമാനകമ്പനികളില്‍ വിദേശ കമ്പനികളുടെ നിക്ഷേപമുണ്ട്. ജെറ്റ് എയര്‍വെയ്‌സില്‍ അബൂദാബിയിലെ ഇത്തിഹാദിന് 24 ശതമാനം ഓഹരി ഉണ്ട്. കൂടാതെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ഏഷ്യ ബെര്‍ഹാഡ് എന്നിവയ്ക്കും ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപമുണ്ട്. ഖത്തര്‍ എയര്‍വെയ്‌സിന്റെ ഇന്ത്യയിലേക്കുള്ള വരവ് ഈ രംഗത്തെ മത്സരം ശക്തിപ്പെടാനും വിമാന നിരക്കുകള്‍ കുറയാനും ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യന്‍ യാത്രകള്‍ നടത്തുന്ന പ്രവാസികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും ഉപകാരപ്രദമാണ്.