07:41 pm 10/3/2017
– പി.പി. ചെറിയാന്‍
വാഷിങ്ടന്‍ : ട്രംപ് അധികാരത്തില്‍ വന്നതിനുശേഷം സ്വീകരിച്ച കര്‍ശന കുടിയേറ്റ നിയന്ത്രണ നിയമങ്ങളും അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തികളില്‍ തടയുന്നതിനു സ്വീകരിച്ച നടപടികളും വളരെ വേഗം ഫലം കണ്ടു തുടങ്ങിയതായി യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മാര്‍ച്ച് 8 ബുധനാഴ്ച ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ജോണ്‍ കെല്ലിയാണ് ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തുവിട്ടത്.
നിയമ വിരുദ്ധ കുടിയേറ്റത്തിനു ശ്രമിച്ച 18,762 പേരെ ഫെബ്രുവരി മാസം മെക്‌സിക്കൊ അതിര്‍ത്തിയില്‍ തടഞ്ഞതായി കെല്ലി പറഞ്ഞു. ജനുവരിയില്‍ 31,578 പേരെയാണ് തടഞ്ഞുവെച്ചതെങ്കില്‍ ട്രംപിന്റെ കര്‍ശന നടപടികളാണ് ഫെബ്രുവരി മാസം 40% കുറവുണ്ടാകാന്‍ കാരണമെന്നും കെല്ലി ചൂണ്ടിക്കാട്ടി.
2016 ഒക്ടോബര്‍ 1മുതല്‍ ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നു. 2017 ജനുവരി 20 വരെ ബോര്‍ഡര്‍ ഏജന്‍സി 1,57,000 പേരെയാണ് അതിര്‍ത്തിയില്‍ നിന്നും പിടി കൂടിയത്. മുന്‍വര്‍ഷത്തേക്കാള്‍ 35% വര്‍ദ്ധനവാണ് ഈ കാലഘട്ടത്തില്‍ ഉണ്ടായത്.
അനധികൃത കുടിയേറ്റത്തിന് സഹായിക്കുന്ന ഏജന്‍സികള്‍ അവരുടെ ഫീസ് 3,500 ഡോളറില്‍ നിന്നും 8,000 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ജനുവരി 25 ന് ബോര്‍ഡര്‍വോള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 5,000 ബോര്‍ഡര്‍ പെട്രോള്‍ ഓഫിസേഴ്‌സിനെയാണ് പുതിയതായി നിയമിച്ചിരിക്കുന്നത്.