നടുറോഡിൽ യുവതി പ്രസവിച്ചു.

03:53pm 13/3/2017

images (1)

ബംഗളൂരു: നടുറോഡിൽ യുവതി പെണ്‍കുഞ്ഞിനു ജന്മം നൽകി. കർണാടകയിലെ റായ്ചുർ ജില്ലയിലെ മൻവിലാണ് സംഭവം. കർഷകനായ രാമണ്ണയുടെ ഭാര്യയായ യെല്ലമ്മയാണ് തിരക്കേറിയ റോഡിൽ പ്രസവിച്ചത്. പൂർണ ഗർഭിണി നടുറോഡിൽ കുഴഞ്ഞുവീഴുന്നതുകണ്ട് ഒടിയെത്തിയ വൃദ്ധ യാചകയാണ് പ്രസവമെടുത്തത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.

മൂന്നു ആണ്‍കുട്ടികളുടെ അമ്മയായ യെല്ലമ്മ ഒരു പെണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹവുമായാണ് വീണ്ടും ഗർഭം ധരിച്ചത്. റായ്ചുർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഡോക്ടറെ കണ്ട ശേഷം ഭർത്താവിനൊപ്പം മടങ്ങും വഴി റോഡിൽ കുഴഞ്ഞുവീഴുകയായിരുന്നു. രക്തസ്രാവമുണ്ടായതോടെ എന്തു ചെയ്യണമെന്നറിയാതെ നിന്ന രാമണ്ണയ്ക്കു മുന്നിൽ രക്ഷകയായി യാചക ഓടി എത്തുകയായിരുന്നു. ഇതുകണ്ട് സമീപമുണ്ടായിരുന്ന ചില സ്ത്രീകൾ കൂടി ഓടിയെത്തി യുവതിയെ ശുശ്രൂഷിച്ചു.

അമ്മയേയും കുഞ്ഞിനെയും മൻവി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കാൻ പോലും ആളുകൾ മടിക്കുന്ന ഇക്കാലത്ത് മറ്റുള്ളവർക്ക് മാതൃകയാണ് വൃദ്ധയെന്ന് മൻവി എംഎൽഎ ജി. ഹംപയ്യ നായക് ബല്ലാത്തി പറഞ്ഞു.