ഫിലാഡല്‍ഫിയ ക്രിക്കറ്റ് ലഹരിയില്‍

07:50 pm 13/3/2017

Newsimg1_63827706

– വിനോദ് കൊണ്ടൂര്‍ ഡേവിഡ്
Newsimg1_63827706
ഫിലാഡല്‍ഫിയ: ട്രൈ സ്റ്റേറ്റ് ഏരിയായിലെ മലയാളി ക്രിക്കറ്റ് പ്രേമികളുടെ ചിരക്കാല സ്വപ്നമായിരുന്ന ക്രിക്കറ്റ് ലീഗ് മത്സരം, മലയാളി ക്രിക്കറ്റ് ലീഗിലൂടെ പൂവണിയുകയാണ്. ഏകദേശം ഒരു വര്‍ഷത്തോളമായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ അമേരിക്കയിലെ സിറ്റി ഓഫ് ബ്രദര്‍ലി ലൗ എന്നറിയപ്പെടുന്ന ഫിലാഡല്‍ഫിയായുടെ മണ്ണില്‍ മെയ് മാസം ആദ്യ വാരത്തോടെ ഈ കായിക മാമാങ്കം ആരംഭിക്കുകയാണ്. പ്രത്യേകമായി മണ്ണിട്ട് ഉറപ്പിച്ച് തയാറാക്കിയ പിച്ചില്‍ മാറ്റിട്ടാണ് ലീഗ് മത്സരം നടത്തപ്പെടുന്നത്. ഇതിനായി സുനോജ് മല്ലപ്പള്ളിയുടെ മേല്‍നോട്ടത്തില്‍ ഒരുക്കങ്ങള്‍ നടന്നു വരികയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റ് കളിയിലെ പോലെ രണ്ടു പൂളുകളായി തിരിച്ചു, ആദ്യം പൂളുകളിലെ ടീമുകള്‍ തമ്മില്‍ മത്സരിച്ചു, അതില്‍ വിജയിക്കുന്ന ഒരോ പൂളില്‍ നിന്നും രണ്ടു ടീമുകളെ പോയിന്റ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത് സെമി ഫൈനല്‍ – ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുപ്പിച്ചാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

അമേരിക്കയിലുടനീളമുള്ള എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. 2001 മുതല്‍ ഫ്രണ്ട്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് എന്ന ക്ലബായിരുന്നു ഈ ടൂര്‍ണമെന്റ് നടത്തി വന്നിരുന്നത്. ഇന്ത്യാക്കാരുടെ ഇടയില്‍ ആദ്യമായി തുടങ്ങിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളിലൊന്നായിരുന്നു ഇത്. എന്നാല്‍ അമേരിക്കയിലുടനീളം ചിതറിപ്പാര്‍ക്കുന്ന മലയാളികള്‍ക്കു മാത്രമായി ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന ചിന്തയില്‍ നിന്നാണ്, മലയാളി ക്രിക്കറ്റ് ലീഗ് രൂപം കൊള്ളുന്നത്.

സ്റ്റിച്ച് ബോളില്‍ തന്നെ മത്സരം നടക്കുന്നതു കൊണ്ട്, പങ്കെടുക്കുന്നവര്‍ ഹെല്‍മറ്റും, ഗ്ലൗസുകളും, പാഡുകളും നിര്‍ബന്ധമായും കൊണ്ടു വരേണ്ടതാണ്. അതോടൊപ്പം ടൂര്‍ണമെന്റ് നടക്കുമ്പോള്‍ എമര്‍ജന്‍സി മെഡിക്കല്‍ ടീം ഒരു ആംബുലന്‍സ് സഹിതം സന്നിഹിതമായിരിക്കും.
പ്രൊഫഷണല്‍ ക്രിക്കറ്റ് അംബയറിംഗിന് ലൈസന്‍സുള്ള അംബയര്‍മാരായിരിക്കും നിഷ്പക്ഷമായി ടൂര്‍ണമെന്റ് നിയന്ത്രിക്കുന്നത്.

മലയാളി ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീം മനേജര്‍മാര്‍ എത്രേയും വേഗം സംഘാടകരുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്, കാരണം തുടക്കം ആയതു കൊണ്ട്, 20 ടീമുകളെ മാത്രമേ ലീഗില്‍ ഉപ്പെടുത്തുവാന്‍ സംഘാടകര്‍ ഉദ്ദേശിക്കുന്നുള്ളു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനോജ് മല്ലപ്പള്ളി 267 463 3085, ബിനു ആനിക്കാട് 267 235 4345, അലക്‌സ് ചിലമ്പിട്ടശേരി 908 313 6121, മധു കൊട്ടാരക്കര 609 903 7777, ബിനു ചെറിയാന്‍ 215 828 3292, നിബു ഫിലിപ്പ് 215 696 5001.