സി.എന്‍.എന്‍ ഓഫീസിനു മുന്‍പില്‍ നൂറിലധികം ഹൈന്ദവ വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തി

07:55 pm 13/3/2017

Newsimg1_860775
ന്യൂയോര്‍ക്ക്: മരവിപ്പിക്കുന്ന തണുപ്പിലും മാര്‍ച്ച് 11 നു ന്യൂയോര്‍ക്ക് കൊളംബസ് സര്‍ക്കിളിലുള്ള സി.എന്‍.എന്‍ ഓഫീസിനു മുന്‍പില്‍ നൂറിലധികം ഹൈന്ദവ വിശ്വാസികള്‍ വന്‍ പ്രതിഷേധ പ്രകടന നടത്തി.

സി.എന്‍.എന്നില്‍ ഈയിടെ പ്രക്ഷേപണം ചെയ്ത റെസ അസ്ലാന്റെ ബിലീവര്‍ എന്ന ഡോക്യുമെന്ററിക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. ബിലീവര്‍ എന്ന ഡോക്യുമെന്ററിയില്‍ ഹിന്ദുക്കളെ നരഭോജികളായും വര്‍ജ്ജ്യവസ്തുക്കള്‍ ഭക്ഷിക്കുന്നവരായും ഹിന്ദുക്കളുടെ പുണ്യഭൂമിയായ വരണാസിയെ ഡെഡ് സിറ്റിയായും പുണ്യനദിയായ ഗംഗയെ ഒരു വലിയ ശൗചാലയമായുമാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഭൂരിപക്ഷത്തെ അമേരിക്കക്കാരും ഇന്ത്യയെ കാണുന്നത് ഇതുപോലെയുള്ള ഡോക്യൂമെന്ററികളിലും സിനിമകളിലും കൂടിയാണ്. അതുകൊണ്ടു തന്നെ ഇങ്ങനെ തെറ്റിദ്ധാരണജനകമായ ഡോക്യുമെന്ററികള്‍ സാധാരണക്കാരില്‍ ഹിന്ദുയിസത്തെ കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുകയും തദ്വാരാ വംശീയ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ വഴി വക്കുകയും ചെയ്യും.

സി.എന്‍.എന്‍ പോലെയുള്ള ഒരു ദേശീയ ടെലിവിഷന്‍ ചാനല്‍ തെറ്റിദ്ധാരണാജനകമായ ഇത്തരം ഡോക്യുമെന്ററികള്‍ കാണിക്കുക വഴി ജനങ്ങളോട് പ്രത്യേകിച്ച് ഹിന്ദുക്കളോട് ഒരു വലിയ വംശീയ വേര്‍തിരിവും ചതിയുമാണ് ചെയ്യുന്നത്, ഇതിനെ ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനെതിരെയാണ് ധാരാളം ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായെത്തിയത്.