ന്യൂഡൽഹി: ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിയെ സർക്കാരുണ്ടാക്കാൻ ശ്രമിച്ച നടപടിക്കെതിരേയാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. മനോഹർ പരീക്കറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് സ്റ്റേ ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. കോടതി ചൊവ്വാഴ്ച വാദം കേൾക്കും.
ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുാനാണ് തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. സത്യപ്രതിജ്ഞ വൈകരുതെന്ന് കേന്ദ്രസർക്കാർ നിലപാട് എടുത്തതിനെ തുടർന്നാണ് നടപടി. പരീക്കർക്കൊപ്പം 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ബിജെപിക്ക് പിന്തുണ നൽകുന്ന രണ്ടു സ്വതന്ത്ര എംഎൽഎമാരും മന്ത്രി സ്ഥാനത്ത് എത്തുമെന്നാണ് സൂചന. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനാണ് പരീക്കറോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രപ്രതിരോധമന്ത്രി സ്ഥാനം പരീക്കർ രാജിവച്ചിരുന്നു.
ഗോവയിൽ മനോഹർ പരീക്കർ മുഖ്യമന്ത്രിയായാൽ പിന്തുണയ്ക്കാമെന്നു മഹാരാഷ്ട്രവാദി ഗോമാതാക് പാർട്ടി അറിയിച്ചതോടെയാണു ബിജെപിയുടെ സർക്കാർ രൂപവത്കരണ നീക്കം എളുപ്പമായത്. ഗോവ ഫോർവേഡ് പാർട്ടിയുടെ മൂന്നംഗങ്ങളും രണ്ടു സ്വതന്ത്രരും എൻസിപി അംഗവും പിന്തുണ പ്രഖ്യാപിച്ചതോടെ പരീക്കറിന് 22 പേരുടെ പിന്തുണയായി.