വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ആറുലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി

07:49 am16/3/2017

Newsimg1_91724011
ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിലായ മലയാളി യുവാവിന് ആറ് ലക്ഷം റിയാല്‍(ഏകദേശം ഒരു കോടി പത്ത് ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. കണ്ണൂര്‍ സ്വദേശി ഒറ്റപ്പിലാവുള്ളത്തില്‍ അബ്ദുള്ളയ്ക്കാണ് ഖത്തര്‍ സുപ്രീം കോടതി ആറ് ലക്ഷം റിയാല്‍ നഷ്ടപരിഹാരം വിധിച്ചത്.

ദുഹൈലിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന അബ്ദുള്ളയ്ക്ക് 2014 മേയ് ഒന്നിന് ഒരു വിദേശി ഓടിച്ച ബൈക്ക് ഇടിച്ച് പരിക്കേറ്റിരുന്നു. അപകടത്തില്‍ മാരകമായി പരിക്കേറ്റ അബ്ദുള്ളക്ക് ബോധം നഷ്ടപ്പെടുകയും രണ്ടുവര്‍ഷത്തോളം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയും ചെയ്തു.

ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കിഴിയുകയായിരുന്ന അബ്ദുള്ളയുടെ പ്രശ്‌നത്തില്‍ കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗം നടത്തിയ ഇടപെടലാണ് കേസ് നടപടികള്‍ വേഗത്തിലാക്കുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനും സഹായകമായത്. ഒരു വര്‍ഷത്തെ കോടതി വ്യവഹാരങ്ങള്‍ക്ക് ശേഷം ആറുലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഇന്‍ഷുറന്‍സ് കന്പനിയോട് ആവശ്യപ്പെടുകയായിരുന്നു.

രണ്ടുവര്‍ഷത്തോളം അബോധാവസ്ഥയിലായിരുന്ന മുപ്പതുകാരനായ അബ്ദുള്ളയെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ കേരളത്തില്‍ ആയുര്‍വേദ ചികില്‍സയിലാണ് അബ്ദുള്ള.