08:3lam 16/3/2017
ഗോവ: സുപ്രീംകോടതി നിര്‍ദേശപ്രകാരം ഇന്ന് ഗോവ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കും. സഭയില്‍ ബിജെപി സര്‍ക്കാരിനെ മറിച്ചിടുമെന്നാണ് കോണ്‍ഗ്രസ് അവകാശവാദം. നിലവില്‍ ബിജെപി ചേരിയില്‍ 22 പേരും കോണ്‍ഗ്രസ് പക്ഷത്ത് 18 പേരുമാണുള്ളത്. ബിജെപി സര്‍ക്കാര്‍ താഴെവീഴണമെങ്കില്‍ 3 എംഎല്‍എമാര്‍കൂടി കോണ്‍ഗ്രസ് പക്ഷത്തേക്ക് എത്തണം.
ഗോവയില്‍ഏറ്റവുംവലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് വിശ്വാസവോട്ടെടുപ്പ് നേരത്തെ ആയത്. പരീക്കര്‍ക്കൊപ്പമുള്ള എംഎല്‍എമാരില്‍ ചിലര്‍ നാളെ തങ്ങളുടെ കൂടെയുണ്ടാകുമെന്ന് കോണ്‍ഗ്രസ് പറയുന്നു.
പതിനേഴ് എംഎല്‍എമാരുള്ള കോണ്‍ഗ്രസിനെ ഒരു സ്വതന്ത്രന് പിന്തുണയ്ക്കുന്നുണ്ട്. കോണ്‍ഗ്രസ് പക്ഷത്ത് ആകെ 18പേരാണുള്ളത്. സര്‍ക്കാര്‍ താഴെവീഴണമെങ്കില്‍ മൂന്ന് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ് ക്യാമ്പിലേക്കെത്തണം.
പതിമൂന്ന് എംഎല്‍എമാരുള്ള ബിജെപിക്കൊപ്പം മൂന്ന് എംഎല്‍മാര്‍ വീതമുള്ള എംജിപി, ജിഎഫ്പി പാര്‍ട്ടികളും ഒരു എന്‍സിപിയുടെ എംഎല്‍എയും. രണ്ടുസ്വതന്ത്രരുമുണ്ട്. ആകെ 22 പേര്. ജിഎഫ്പിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും എംജിപിയിലെ രണ്ടുപേര്‍ക്കും രണ്ടു സ്വതന്ത്രര്‍ക്കും പരീക്കര്‍ മന്ത്രിപദം നല്കി. അതുകൊണ്ടുതന്നെ ഈ എംഎല്‍എമാര്‍ മറുകണ്ടം ചാടാനുള്ള സാധ്യത കുറവാണ്.
കോണ്‍ഗ്രസുകാരായിരുന്ന വിജയ് സര്‍ദേശായിയും കൂട്ടരും കോണ്‍ഗ്രസുമായുണ്ടായ അഭിപ്രായ വത്യാസത്തെ തുടര്‍ന്നാണ് ജിഎഫ്പി എന്നപാര്‍ട്ടിയുണ്ടാക്കി മത്സരിച്ചത്. ഇവരെ വിശ്വാസവോട്ടിനുമുന്നേ സ്വന്തം പാളയത്തിലെത്തിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം വിജയം കണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പനാജി എംഎല്‍എ സിദ്ധാര്‍ത്ഥ് കുന്കാലിന്കറാണ് പ്രോടെം സ്പീക്കര്‍.