പനാജി: ഗോവയിൽ വിശ്വാസവോട്ടെടുപ്പ് ബഹിഷ്കരിച്ച് നിയമസഭയിൽ നിന്നിറങ്ങിപ്പോയ കോൺഗ്രസ് എം.എൽ.എ വിശ്വജിത്ത് റാണെ രാജിവെച്ചു. താൻ എം.എൽ.എ സ്ഥാനവും കോൺഗ്രസ് പാർട്ടി അംഗത്വവും രാജിവെക്കുകയാണെന്ന് റാണെ അറിയിച്ചു. കോൺഗ്രസിന് ഗോവയിൽ തോൽവി സംഭവിച്ചുവെന്നും ഗോവയിലെ ജനങ്ങൾക്കു വേണ്ടി വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദു:ഖത്തോടെയാണ് പാർട്ടിയിൽ നിന്നും രാജിവെക്കാനുള്ള തീരുമാനമെടുത്തത്. തന്നെ പോലുള്ള നേതാക്കൾ കോൺഗ്രസിൽ നിന്നും രാജിവെക്കുന്നതിന്റെ കാരണം പാർട്ടിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ജനങ്ങൾക്ക് മനസിലാകുമെന്നും റാണെ വ്യക്തമാക്കി.
സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഗോവയിൽ സർക്കാരുണ്ടാക്കുന്നതിൽ പരാജയപ്പെട്ട കോൺഗ്രസ് നേതൃത്വത്തിനെതിരെ റാണെ പ്രതികരിച്ചിരുന്നു. സഭയിൽ ബി.ജെ.പി മുഖ്യമന്ത്രി മനോഹർ പരീക്കർ വിശ്വാസവോട്ട് തേടുന്ന അവസരത്തിൽ അദ്ദേഹം വോെട്ടടുപ്പിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തു.
കോൺഗ്രസിെൻറ മുതിർന്ന നേതാവും അഞ്ചു തവണ മുഖ്യമന്ത്രിയുമായിരുന്ന പ്രതാപ് റാണെയുടെ മകൻ കൂടിയാണ് വിശ്വജിത്ത് റാണെ. കോൺഗ്രസ് ദേശീയ നേതൃത്വത്തിെൻറ പിടിപ്പുകേടാണ് ഗോവയിലെ തോൽവിക്കുകാരണമെന്നും ദിഗ്വിജയ് സിങ്ങിനെതിരെ ആഞ്ഞടിച്ച റാണെ ആരോപിച്ചിരുന്നു.

