ക്രെസന്റോ സ്കൂള്‍ ഓഫ് ആര്‍ട്‌സ് വാര്‍ഷികാഘോഷങ്ങള്‍ അവിസ്മരണീയമായി

09:55 am 16/3/2017
– ജീമോന്‍ റാന്നി
Newsimg1_37987374
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ നൃത്തസംഗീതകലാകേന്ദ്രമായ ക്രെസന്റോ സ്ക്കൂള്‍ ഓഫ് ആര്‍ട്സിന്റെ വാര്‍ഷാകാഘോഷ പരിപാടികള്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.ഏകദേശം നാലര മണിയ്ക്കൂര്‍ നീണ്ടുനിന്ന വര്‍ണ്ണപകിട്ടാര്‍ന്ന പരിപാടികള്‍ മാര്‍ച്ച് 11 ന് ശനിയാഴ്ച സ്റ്റാഫോഡ് സിവിക് സെന്ററില്‍ വച്ചാണ് നടത്തപ്പെട്ടത്.

2005ല്‍ ആരംഭിച്ച ഈ കലാസ്ഥാപനത്തിന്റെ മിസോറി സിറ്റി, പെയര്‍ലാന്റ്, കേറ്റി തുടങ്ങിയ ശാഖകളിലെ 300 ല്‍ പരം വിദ്യാര്‍ത്ഥിനികളാണ് നൃത്തച്ചുവടുകള്‍ വച്ചത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളീയ നൃത്ത വിഭാഗത്തില്‍പ്പെടുന്ന വിവിധ സംഘനൃത്തങ്ങള്‍ തുടങ്ങിയവ ആഘോഷത്തിന് മാറ്റുക്കൂട്ടി.സ്റ്റാഫോഡ് സിററി പ്രോട്ടെം മേയര്‍ കെന്‍ മാത്യു ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്റ് തോമസ് ചെറുകര, ഡോ.പൊന്നു പിള്ള തുടങ്ങിയവരുടെ സാന്നിദ്ധ്യം ആഘോഷത്തെ ധന്യമാക്കി.ക്രെസന്റോയുടെ ഡയറക്ടറും പ്രിന്‍സിപ്പലുമായ കലാമണ്ഡലം ശ്രീദേവി ടീച്ചര്‍ മുഖ്യ കോറിയഗ്രഫറായി പ്രവര്‍ത്തിക്കുന്നു. ശ്രീദേവി ടീച്ചറുടെ മകളും ലീഡ് ഡാന്‍സറും അസോസിയേറ്റ് കോറിയോഗ്രഫറുമായ ഗീതു സുരേഷ് ടീച്ചറോടൊപ്പം നൃത്തപരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചു.

പ്രശസ്ത ഗായകരായ കോറസ് പീറ്റര്‍, ആന്റോ അങ്കമാലി എന്നിവര്‍ ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ ആഘോഷത്തിന് വ്യത്യസ്തത പകര്‍ന്നു.കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്ന സംഗീതരംഗത്ത് ശ്രദ്ധേയരായ സജു മാളിയേക്കല്‍ ക്രെസന്റോയുടെ ഡയറക്ടറായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു.