08:22 am 17/3/2017
ഹേഗ്: നെതർലൻഡ്സ് തീവ്ര വലതുപക്ഷത്തെ പിന്തള്ളി കുടിയേറ്റ വിരുദ്ധ നയങ്ങളുമായി പ്രചാരണം നടത്തിയ ഗേർട്ട് വിൽഡേഴ്സിന്റെ ഫ്രീഡം പാർട്ടി (പിവിവി) 150 അംഗ പാർലമെന്റിൽ രണ്ടാം സ്ഥാനത്തായി. 20 സീറ്റേ അവർക്കു കിട്ടിയുള്ളൂ.
പ്രധാനമന്ത്രി മാർക്ക് റട്ടെയുടെ ലിബറൽ നിലപാടുള്ള പാർട്ടി വിവിധ 33 സീറ്റുമായി ഏറ്റവും വലിയ കക്ഷിയാകും. ചെറു പാർട്ടികളെ ചേർത്തു മുന്നണിയുണ്ടാക്കി റട്ടെ ഭരിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ രണ്ടു പൊതു തെരഞ്ഞെടുപ്പുകളിലും റട്ടെയുടെ പാർട്ടി ഒന്നാമതെത്തിയെങ്കിലും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ കൂട്ടുകെട്ടുണ്ടാക്കിയാണു ഭരി
ച്ചത്.
ഡച്ച് ജനത ഏക യൂറോപ്പിനു ശക്തമായ പിന്തുണ നല്‍കിയെന്നാണു തെരഞ്ഞെടുപ്പു ഫലത്തെപ്പറ്റി ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞത്. യൂറോപ്യൻ യൂണിയന് എതിരായ നിലപാടിലായിരുന്നു വിൽഡേഴ്സ്. ഫ്രാൻസിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് ഫ്രാൻസ്വാ ഒളാന്ദും നെതർലൻഡ്സിലെ ജനവിധിയെ സ്വാഗതം ചെയ്തു.
ക്രിസ്ത്യൻ ഡെമോക്രാറ്റ് പാർട്ടിയും ലിബറൽ നിലപാടുകാരായ ഡി 66 പാർട്ടിയും 19 സീറ്റ് വീതം നേടിയിട്ടുണ്ട്. ഗ്രീൻ പാർട്ടി 14 സീറ്റ് നേടി. മുൻ തവണത്തേതിന്റെ മൂന്നിരട്ടിയിലേറെയാണിത്. കഴിഞ്ഞ മന്ത്രിസഭയിൽ പങ്കാളിയായിരുന്ന സോഷ്യലിസ്റ്റുകളുടെ സീറ്റ് 14-ലേക്ക് ഇടിഞ്ഞു.
അഭിപ്രായവോട്ടെടുപ്പുകളിൽ റട്ടെയുടെ പാർട്ടിക്കൊപ്പം എത്തിയതാണു വിൽഡേഴ്സിന്റെ പാർട്ടി. വോട്ട് ചെയ്യാൻ പതിവിൽ കൂടുതൽ പേർ എത്തിയതോടെ റട്ടെ മുന്നേറി. 80.2 ശതമാനം എന്ന റിക്കാർഡ് പോളിംഗാണു നടന്നത്.