കാന്‍സര്‍ ഗവേഷണത്തിന് ഇന്ത്യന്‍ വംശജന് 1.1 മില്യന്‍ ഡോളര്‍ ഗ്രാന്റ്

07:50 pm 17/3/2017

– പി. പി. ചെറിയാന്‍
Newsimg1_72501665
ടെക്സസ്: ടെക്സസ് ടെക് ബയോമെഡിക്കല്‍ സയന്‍സ് സ്കൂള്‍ ഡീനും ഇന്ത്യന്‍ വംശജനുമായ ശാസ്ത്രജ്ഞന്‍ രാജ്കുമാര്‍ ലക്ഷ്മണ സ്വാമിക്ക് കാന്‍സര്‍ ഗവേഷണത്തിനായി യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് 1.1 മില്യണ്‍ ഡോളറിന്റെ ഗ്രാന്റ് അനുവദിച്ചു.

ഗര്‍ഭവതികളായ സ്ത്രീകളില്‍ ബ്രസ്റ്റ് കാന്‍സറിനുള്ള സാധ്യതകള്‍ എങ്ങനെ ലഘൂകരിക്കാം എന്ന ഗവേഷണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്.20 വയസ്സിനു മുന്‍പു ഗര്‍ഭം ധരിച്ചു കുഞ്ഞിനെ പ്രസവിക്കുന്ന യുവതിക്ക്, 35 വയസ്സുള്ള സ്ത്രീക്ക് ആദ്യ പ്രസവത്തിനുശേഷം ഉണ്ടാകുന്ന ബ്രസ്റ്റ് കാന്‍സറിക്കാള്‍ 50 ശതമാനം സാധ്യത കുറവാണെന്ന് രാജ്കുമാര്‍ പറയുന്നു.നൂറ്റാണ്ടുകളായി ഇതിനെക്കുറിച്ച് അറിവുള്ളതാണെന്നും എന്നാല്‍ ഇതിന്റെ കാരണം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കാന്‍സറിന് കാരണമാകുന്ന രണ്ടു ഹോര്‍മോണുകളെക്കുറിച്ചു രാജ്കുമാറും ടീമംഗങ്ങളും ഗവേഷണം നടത്തും.മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്ത രാജ്കുമാര്‍ ബയോ മെഡിക്കല്‍ സയന്‍സ് പ്രൊഫസറായി ടെക്സസ് ടെക്കില്‍ വരുന്നതിനു മുന്‍പു യുസി ബെര്‍ക്കിലി കാന്‍സര്‍ റിസേര്‍ച്ച് ലാബറട്ടറിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായിരുന്നു.