10:55 am 18/3/2017

കൊല്ലം: കുണ്ടറയില്‍ പത്തു വയസുകാരി മരിച്ച കേസിൽ അമ്മയെയും മുത്തച്ഛനെയും നുണ പരിശോധനക്ക് വിധേയമാക്കും. പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടന്നു ചൂണ്ടികാട്ടിയാണ് നടപടി. മന:ശ്ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിൽ കസ്റ്റഡിയിലുള്ളവരുടെ മൊഴിയെടുക്കാനാണ് തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് അമ്മയും ബന്ധുക്കളും ഉൾപ്പെടെ ഒന്‍പതുപേരാണു കസ്റ്റഡിയിലുള്ളത്.
ഇക്കഴിഞ്ഞ ജനുവരി 15നാണു പത്തുവയസ്സുകാരിയെ വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു. മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ പെൺകുട്ടി ലൈംഗിംക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറും വ്യക്തമാക്കിയിരുന്നു. എന്നാൽ ചോദ്യം ചെയ്യലിനോട് അമ്മയും മുത്തച്ഛനും സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു.
കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നു കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത കുറിപ്പിൽ എഴുതിയിരുന്നു. ഈ കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരിക്കുന്നത്. ഇതാണ് സംശയത്തിനിട നൽകുന്നത്.
