ദൈവകരുണയുടെ പരമോന്നത കോടതിയാണ് കുമ്പസാരക്കൂടെന്ന് മാര്‍പാപ്പ

09:33 am 19/3/2017
Newsimg1_49269990Newsimg1_49269990

വത്തിക്കാന്‍സിറ്റി: മനുഷ്യാത്മാവിനു ദൈവകരുണയുടെ അനന്യമായ ലേപനം പകര്‍ന്നുനല്‍കുന്ന പരമോന്നത കോടതിയാണ് കുമ്പസാരക്കൂടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അനുരഞ്ജന ശുശ്രൂഷയുടെ വാര്‍ഷിക പരിശീലനത്തിന് റോമില്‍നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയ വൈദികരോടും ഡീക്കന്മാരോടും സന്യസ്ത വൈദിക പരിശീലനത്തിലൂടെ കടന്നുപോകുന്നവരോടുമാണ് കുന്പസാ രത്തിന്‍റെ മഹത്വം മാര്‍പാപ്പ പങ്കുവച്ചത്.

അനുരഞ്ജന ശുശ്രൂഷാ വേളകള്‍ അനുഗ്രഹ പ്രദമാക്കുന്നതിനു മൂന്ന് കാര്യങ്ങള്‍ ആവശ്യമാണെന്നു മാര്‍പാപ്പ ഓര്‍മപ്പെടുത്തി. നല്ലിടയനായ ക്രിസ്തുവിന്‍റെ ഏറ്റവും വിശ്വസ്തനായ സുഹൃത്ത് ആയി ഓരോ വൈദികനും മാറുക എന്നതാണ് ഒന്നാമത്തെ കാര്യം. പ്രാര്‍ഥനയിലൂടെയാണ് ഈ സൗഹൃദം ആഴപ്പെടേണ്ടത്. സത്യസന്ധമായ പ്രാര്‍ഥനയിലൂടെ തന്നെത്തന്നെ കണ്ടെത്താനും അങ്ങനെ താനും പാപികളില്‍ ഒരുവനാണെന്നും ആദ്യമായി ദൈവം തന്നോടാണ് കരുണ കാട്ടിയതെന്നും തിരിച്ചറിയാന്‍ പ്രാര്‍ഥന ഉപകരിക്കുമെന്നും മാര്‍പാപ്പാ പറഞ്ഞു.

വിവേചനത്തിന്‍റെയും സഹാനുഭൂതിയുടെയും ആത്മാവിനെ വിളിച്ചുണര്‍ത്തി ആ പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ പാപത്തിന്‍റെ സങ്കടങ്ങളില്‍പ്പെട്ടു ഉഴലുന്നവര്‍ക്കു കൃത്യവും വ്യക്തവും ആയ പരിഹാരം നിര്‍ദേശിക്കാന്‍ പ്രാര്‍ഥന വഴി കഴിയുമെന്ന് പാപ്പാ ഓര്‍മപ്പെടുത്തി.

വിവേചനത്തിന്‍റെ ആത്മാവിനാല്‍ പൂരിതനായ വ്യക്തി ആകുക എന്നതാണ് രണ്ടാമത്തെ കാര്യം. തന്‍റെ പാണ്ഡ്യത്യമോ മനസോ പങ്കുവയ്ക്കാനല്ല ഒരു ദാസനും ശുശ്രൂഷകനും എന്ന നിലയില്‍ സഭയോട് ചേര്‍ന്ന് ദൈവത്തിന്‍റെ ഇഷ്ടം അനുവര്‍ത്തിക്കാനുള്ള വേദിയാണ് അനുതാപ ശുശ്രൂഷ. വിവിധ സാഹചര്യങ്ങളില്‍നിന്നും തന്‍റെ അടുത്തേക്കു വരുന്ന ആളുകളെ വിവേചനത്തിന്‍റെ ആത്മാവിനാല്‍ തിരിച്ചറിയുകയും ആത്മീയതയില്‍ ക്രമമല്ലാത്ത കേസുകള്‍, പ്രത്യേകമായി മാനസിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നവരുടെ കാര്യങ്ങള്‍, നിലവിലുള്ള ശാസ്ത്രീയ മാനദണ്ഡങ്ങള്‍ക്കു അനുസൃതമായും സഭയുടെ ഔദ്യോഗിക പഠനത്തിനും മാര്‍ഗങ്ങള്‍ക്കും അനുസരിച്ചും തുടര്‍ ചികിത്സയ്ക്കായി രൂപതാ അധികാരികളുടെ അറിവോടെ പറഞ്ഞുവിടണമെന്നും മാര്‍പാപ്പ പറഞ്ഞു.

അനുതാപ ശുശ്രൂഷ സുവിശേഷവത്ക്കരണത്തിനുള്ള യഥാര്‍ഥ അവസരം കൂടിയാണെന്നുള്ള തിരിച്ചറിവാണ് മൂന്നാമത്തേത്. ഉചിതമായ ചെറിയ സംഭാഷണങ്ങളിലൂടെ ആത്മീയതയുടെ പാത അനുതാപിക്കു കാണിച്ചുകൊടുക്കാന്‍, കരുണയുടെ സന്ദേശം ധാര്‍മികതയുടെ പിന്‍ബലത്തില്‍ സത്യത്തിന്‍റെ കൂട്ടുപിടിച്ചു പങ്കുവയ്ക്കാന്‍, നന്മയായിട്ടുള്ളതും ദൈവഹിതവും പകര്‍ന്നു നല്‍കാന്‍ വൈദികന് ലഭിക്കുന്ന അസുലഭ മുഹൂര്‍ത്തമാണ് അനുതാപ ശുശ്രൂഷ. അനുദിനം അജപാലനപരമായ മുന്‍ഗണനയുമായി തിന്മയുടെയും പാപത്തിന്‍റെയും വിളുന്പുകളില്‍ യാത്ര ചെയ്യേണ്ടവരാണ് അനുരഞ്ജന ശുശ്രൂഷയുടെ ദാസരായ യാഥാര്‍ഥ വൈദികര്‍ എന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

നല്ല കുന്പസാരക്കാരാകാന്‍ എല്ലാവരെയും ആഹ്വാനം ചെയ്തും അതിനുള്ള അനുഗ്രഹം പകര്‍ന്നും അനുതാപ ശുശ്രൂഷയ്ക്ക് അണയുന്നവര്‍ക്കുവേണ്ടിയും തനിക്കുവേണ്ടിയും പ്രാര്‍ഥിക്കണമെന്നു ഓര്‍മപ്പെടുത്തിയും ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ സന്ദേശം അവസാനിപ്പിച്ചു.