ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ഇതിനു ശേഷം പുറത്തെത്തിയ അദ്ദേഹം പക്ഷേ, മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ കൂട്ടാക്കിയില്ല. യുപിയിലെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച കാര്യങ്ങളാണ് ഇരുവരും തമ്മിൽ ചർച്ച ചെയ്തതെന്നാണ് വിവരം.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം ആഭ്യന്തരമന്ത്രി രാജ്നാഥ് സംഗിന്‍റെ വസതിയിലേക്ക് തിരിച്ചു. രാഷ്ട്രപതി പ്രണബ് മുഖർജി, ബിജെപി അധ്യക്ഷൻ അമിത് ഷാ, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, മുതിർന്ന ബിജെപി നേതാവ് എൽ.കെ.അദ്വാനി എന്നിവരുമായും ആദിത്യനാഥ് കൂടിക്കാഴ്ച നടത്തുന്നമെന്നാണ് സൂചന.
മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച കാര്യങ്ങൾ അമിത്ഷാ- ആദിത്യനാഥ് കൂടിക്കാഴ്ചയിൽ ചർച്ചയായേക്കുമെന്നാണ് വിവരങ്ങൾ. ഞായറാഴ്ചയാണ് യുപി മുഖ്യമന്ത്രിയായി ആദിത്യനാഥ് ചുമതലയേറ്റത്.

