05:17 pm 22/3/2017

അങ്കാറ: യുഎസ് വിമാനങ്ങളിൽ ലാപ്ടോപ്പ് നിരോധിച്ചതിനെതിരെ തുർക്കി വിദേശകാര്യമന്ത്രി മെവ്ലൂത് കവുസോഗ്ലു രംഗത്ത്. സാധാരണക്കാരായ യാത്രക്കാരെ ശിക്ഷിക്കാതെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കുകയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണിൽ സന്ദർശനം നടത്തിവരുകയാണ് കവുസോഗ്ലു.
ഇലക്ട്രോണിക് ഉപകരണങ്ങളിലെ ബാറ്ററികളിലും ബാറ്ററി അറകളിലും ഭീകരർ സ്ഫോടക വസ്തുകൾ ഒളിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. ലാപ്ടോപ്പുകളും ഐപാഡുകളും കാമറകളും മറ്റു ചില ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് യുഎസ് വിമാനങ്ങളിൽ നിരോധിച്ചിരിക്കുന്നത്.
ഈജിപ്ത്, ജോർദാൻ, കുവൈറ്റ്, മൊറോക്കോ, ഖത്തർ, സൗദി അറേബ്യ, തുർക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽനിന്നു യുഎസിലേക്കു നേരിട്ടുള്ള വിമാനങ്ങളിലാണ് ലാപ്ടോപ്പുകളും മറ്റും നിരോധിച്ചിരിക്കുന്നത്.
