സന്തോഷ് നായര്‍, കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റ്

08:23 pm 25/3/2017

– എബി ആനന്ദ്
Newsimg1_61944259
സൗത്ത് ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ ഏക മലയാളി ഹിന്ദു സംഘടനയായ കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതിയ നേതൃത്വം. ശ്രീ.സന്തോഷ് നായര്‍(വേണു), പ്രസിഡന്റായ പുതിയ കമ്മറ്റിയുടെ പ്രവര്‍ത്തനം പൂര്‍വ്വാധികം ഭംഗിയായി ആരംഭിച്ചു. ശ്രീ. മോഹന്‍ നാരായണ്‍(വൈസ് പ്രസിഡന്റ്), ശ്രീ.പ്രദീപ് ബി.പിള്ള(സെക്രട്ടറി), ശ്രീ.രാജേഷ് ശ്രീനിവാസന്‍(ട്രഷറര്‍), കമ്മറ്റി മെമ്പേഴ്‌സായ ശ്രീമതി. ലീലാ നായര്‍, ശ്രീ.രാജ്കുമാര്‍, ശ്രീ.സദാശിവന്‍, ശ്രീ.സുരേഷ് നായര്‍, ശ്രീമതി. സഞ്ചു എബി ആനന്ദ്, എന്നിവരും ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഹിന്ദുമതം, ഒരു ജനതയുടെ സംസ്ക്കാരമാണ്. ഹൈന്ദവ സംഘടനയുടെ ലക്ഷ്യം തന്നെ, പ്രസ്തുത സംസ്ക്കാരം തലമുറകളിലേക്കു പകര്‍ന്നു കൊടുക്കാന്‍ വഴി തെളിക്കുക എന്നതാണ്. മഹാഋഷിമാരും, ഗുരുക്കന്‍മാരുമൊക്കെ പുരാണങ്ങളിലൂടെയും, വേദങ്ങളിലൂടെയും ഒക്കൊ പറഞ്ഞു തന്നതു മഹത്തായ ഒരു സംസ്കാരത്തെ കുറിച്ചാണ്. ഭഗവാന്‍ കൃഷ്ണനാകട്ടെ ഗീതോപദേശത്തിലൂടെ ഏറ്റവും ലളിതമായി ഈ ജ്ഞാനം അര്‍ജ്ജുനനുപദേശിച്ചു. അര്‍ജ്ജുനന്‍ എന്നു പറഞ്ഞാല്‍ ധര്‍മ്മത്തിന് എന്നര്‍ത്ഥം ഒരിക്കലെങ്കിലും ഗീത വായിച്ചിട്ടുള്ളവര്‍ക്കു മനസ്സിലാകും ആ അര്‍ജ്ജുനന്‍ നമ്മുടെ ഉള്ളില്‍ത്തന്നെയുള്ള എവിടെയോ ഉറങ്ങിക്കിടക്കുന്ന ധര്‍മ്മ ചിന്ത തന്നെയാണോ എന്ന്.

ഹിന്ദു സംഘടനയുടെ പ്രധാനലക്ഷ്യം തന്നെ ഈ ജ്ഞാനം മനസ്സിലാക്കി പഠിക്കുകയും അതു പരസ്പരം കൈമാറി അടുത്ത തലമുറയിലേക്കു പകര്‍ന്നു കൊടുത്തു കെട്ടുറപ്പുള്ള ധര്‍മ്മത്തില്‍ ചരിക്കുന്ന സമൂഹത്തെ നിലനിര്‍ത്തുകയും വാര്‍ത്തെടുക്കുകയും ആകണമെന്നാണ്. ജീവിക്കുന്നത് വര്‍ത്തമാന കാലത്തിലെങ്കില്‍ അത് തന്‍മയത്വത്തത്തോടെ, വിവേചന ബുദ്ധിയോടെ, ധര്‍മ്മിഷ്ഠതയോടെ ആയിത്തീരാന്‍ ഓരോ വ്യക്തികളേയും പ്രാപ്തിയുള്ളവരാക്കുക എന്നതിന്റെ പ്രസക്തി ഇവിടെയാണ്.

കുടുംബത്തിലുണ്ടാകേണ്ട ഐക്യത ഒരു പ്രധാന ഘടകമാണ്. ആചാര മര്യാദകള്‍ ഒരു വ്യക്തി, പഠിച്ചും പരിശീലിച്ചും വളരേണ്ടതു അവനവന്റെ കുടുംബത്തില്‍ നിന്നാകണം. അതു ഏറ്റവും നന്നായി ഫലപ്രാപ്തിയില്‍ എത്തുന്നത് കുട്ടികളിലൂടെയാണ്. സത്യസന്ധത, വിനയം, ആരോടും മോശമായി സംസാരിക്കാതിരിക്കുക, ബഹുമാനിക്കുക, അന്യരെ വേദനിപ്പിക്കുന്ന രീതിയില്‍ പെരുമാറാതിരിക്കുക, ധര്‍മ്മിഷ്ഠനായിരിക്കുക, തുടങ്ങി നിരവധി ഗുണങ്ങള്‍, പഠിച്ചു വരുന്നത് വീടുകളില്‍ നിന്നാവണം. അതിനു ഹിന്ദുസംഘടനകളുടെ കൂട്ടായ്മകള്‍, വഴികളൊരുക്കണം, കാരണം ഇന്ന് ലോകം അക്രമങ്ങളുടെയും, ക്രൂരതകളുടെയും, തീവ്രവാദങ്ങളുടേയും, പരസ്പരം വിദേഷ്വങ്ങളുടെയും, പീഡനങ്ങളുടേയും, ചതികളുടേയും, അധര്‍മ്മത്തിലേക്കു കൂപ്പുകുത്തുകയാണ് . ഈ ലോകത്തു നാമോരുത്തരുടേയും ധര്‍മ്മ പ്രവര്‍ത്തികള്‍കൊണ്ടു വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത സംഘടനാഗംഗങ്ങളിലേക്കു പകര്‍ന്നു കൊടുക്കുവാന്‍ ഹൈന്ദവ സംഘടനകള്‍ക്കു കഴിയണം. പരസ്പര സ്‌നേഹവും ഐക്യവുമില്ലെങ്കില്‍ ആ സ്ഥലങ്ങളൊക്കെ കുരുക്ഷേത്രയുദ്ധക്കളം പോലെയായിത്തീരുമെന്നുള്ളത് വാസ്തവം തന്നെയാണ്. സംഘടന ഒത്തൊരുമയോടെ പോകേണ്ടതില്‍ അതിലെ ഭാരവാഹികള്‍ മാത്രമല്ല, എല്ലാ അംഗങ്ങളും കുട്ടികളുമുള്‍പ്പെടെ ഭാഗഭാക്കായിരിക്കണം. ഐക്യവും അഖണ്ഡതയും അതിന്റെ കിരീടവും ചെങ്കോലുമായിരിക്കട്ടെ, എന്നു പുതിയ കമ്മറ്റി ആശംസിക്കുകയും, ആഗ്രഹിക്കുന്നതുമായി സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഈ വര്‍ഷത്തെ വിശേഷാല്‍ ഉത്സവങ്ങളായി വിഷു(ഏപ്രില്‍15), രാമായണമാസാചരണം(ജൂലൈ23), ഓണം(ആഗസ്റ്റ് 19), ശ്രീകൃഷ്ണ ജയന്തി(സെപ്റ്റംബര്‍ 16), വിജയദശമി(സെപ്റ്റംബര്‍ 30), സര്‍വൈശ്വര്യ പൂജ(ഡിസംബര്‍ 30), കൂടാതെ എല്ലാ മാസത്തെ ഭജനക്കും സൗത്ത് ഫ്‌ളോറിഡയിലുള്ള എല്ലാ ഹിന്ദുകുടുംബാംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അറിയിച്ചു.