02:08 pm 26/3/2017
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ പൂർണമായും ഡിജിറ്റൽ പണമിടപാടുകളിലേക്ക് മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം തടയുന്നതിനുള്ള ഏറ്റവും വലിയ മാർഗമാണിതെന്നു പറഞ്ഞ മോദി, ഓരോ ഇന്ത്യൻ പൗരനും കള്ളപ്പണത്തിനെതിരെയുള്ള പോരാളികളാകണമെന്നും ആഹ്വാനം ചെയ്തു. പ്രതിമാസ റേഡിയോ പരിപാടിയായ “മൻകി ബാത്തി’ ൽ സംസാരിക്കവേയാണ് മോദി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഡിജിറ്റൽ പണമിടപാടു നടത്തുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നതെന്നും അടുത്ത ആറു മാസത്തിനുള്ളിൽ മൂന്നു കോടിയോളം ആളുകൾ ഇതിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിനു ശേഷമാണ് ഇത്തരത്തിലൊരു മാറ്റം ഉണ്ടായത്. ഡിജിറ്റൽ പണമിടപാടുകാരുടെ എണ്ണത്തിൽ വൻവർധനയാണ് ഉണ്ടായതെന്നും രണ്ടരക്കോടിയിലധികം പേർ ഇതിനോടകം തന്നെ ഭീം ആപ് ഡൗൺലോഡ് ചെയ്തെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.