10:39 am 28/3/2017
കാബൂൾ: കാബൂളിലെ സൈനികാശുപത്രിയിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധ മന്ത്രി അബ്ദുള്ള ഹബീബിയാണ് ഇക്കാര്യം അറിയിച്ചത്.
മാർച്ച് ഒൻപതിനാണ് ഡോക്ടർമാരുടെ വേഷത്തിൽ സൈനികാശുപത്രിയിൽ കടന്നുകയറിയ ഐഎസ് ഭീകരർ വെടിവയ്പ് നടത്തിയത്. സംഭവത്തിൽ 50ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. ആറു മണിക്കൂർ ദീർഘിച്ച ആക്രമണത്തിൽ 100ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാബൂളിൽ യുഎസ് എംബസിക്കു സമീപമുള്ള സർദാർ മുഹമ്മദ് ദൗദ് ഖാൻ ആശുപത്രിയിലായിരുന്നു ഭീകരാക്രമണം നടന്നത്. വെള്ള കോട്ട് ധരിച്ചെത്തിയ നാലു ഭീകരരാണ് ആശുപത്രിയിൽ പ്രവേശിച്ച് വെടിവയ്പ് നടത്തിയത്.
നാലു ഭീകരരെയും കമാൻഡോകൾ വധിക്കുകയും ചെയ്തിരുന്നു. ആക്രമണം നടന്ന് മണിക്കൂറുകൾക്കകം തന്നെ ഐഎസ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

