കുഞ്ഞിനെ ഓണ്‍ലൈനില്‍ വില്‍പനയ്ക്കു വച്ച മാതാപിതാക്കള്‍ അറസ്റ്റില്‍

08:38 pm 28/3/2017

– പി.പി. ചെറിയാന്‍

Newsimg1_23656587
ടെന്നിസ്സി : അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ വില്പനയ്ക്കായി ഓണ്‍ലൈനില്‍ പരസ്യം നല്‍കിയ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിയാന ലിന്‍(37), ജോണ്‍ ഡേവിഡ്(26) എന്നിവരെയാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതെന്ന് ഗ്രീന്‍ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. 3,000 ഡോളറാണ് കുഞ്ഞിന് വില നിശ്ചയിച്ചിരുന്നത്. ക്രേഗ്‌സ് ലിസ്റ്റില്‍ പരസ്യം കണ്ടതിനെ തുടര്‍ന്ന് മറ്റൊരു ദമ്പതികളാണ് വിവരം പൊലിസിന് കൈമാറിയത്.

അണ്ടര്‍ കവര്‍ ഓഫീസര്‍ മാതാപിതാക്കളെ ബന്ധപ്പെട്ടതിനുശേഷം 3,000 ഡോളര്‍ വില നല്‍കി. കടയില്‍ വച്ചു കുഞ്ഞിനെകൈമാറുന്നതിനിടെയാണ് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്.

ചൈല്‍ഡ് അബ്യൂസ്, അപായപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ഇവരുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജയിലിലടച്ചു.