ഐ.എന്‍.എ.ഐ നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് അവാര്‍ഡ് ദാനം നടത്തുന്നു

09:27 am 29/3/2017

– ഷിജി അലക്‌സ്
Newsimg1_95502584
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ്‌സ് ഈവര്‍ഷത്തെ നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലുള്ള നഴ്‌സുമാരേയും, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളേയും അവാര്‍ഡ് നല്‍കി ആദരിക്കുന്നു. അവാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2017 ഏപ്രില്‍ 15 ആണ്. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് ഏപ്രില്‍ 30-നു ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു നടക്കുന്ന നഴ്‌സിംഗ് ദിനാഘോഷത്തില്‍ വച്ചു പുരസ്കാരം നല്‍കുന്നതാണ്.

ബെസ്റ്റ് ക്ലിനിക്കല്‍ നഴ്‌സ്, ബെസ്റ്റ് അഡ്വാന്‍സ് പ്രാക്ടീസ് നഴ്‌സ്, ബെസ്റ്റ് നഴ്‌സ് ലീഡര്‍, ദി മോസ്റ്റ് എക്‌സ്പീരിയന്‍സ് നഴ്‌സ് എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് പുറമെ ഔട്ട് സ്റ്റാന്‍ഡിംഗ് നഴ്‌സ് സ്റ്റുഡന്റ് അവാര്‍ഡ് എന്ന ഒരു വിഭാഗംകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതത് മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരും അതോടൊപ്പം തന്നെ സമൂഹത്തോടനുള്ള പ്രതിബദ്ധതയും നഴ്‌സിംഗ് രംഗത്ത് നല്‍കിയിരിക്കുന്ന സംഭാവനകളും കണക്കിലെടുത്താണ് അന്തിമ തീരുമാനം അവാര്‍ഡ് കമ്മിറ്റി കൈക്കൊള്ളുന്നത്. റിട്ടയര്‍ ചെയ്ത നഴ്‌സുമാര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

വിദ്യാര്‍ത്ഥികള്‍ മുതല്‍ മോസ്റ്റ് സീനിയേഴ്‌സ് വരെ ആദരിക്കപ്പെടേണ്ടതാണ് എന്ന ഒരു ചിന്തയാണ് ഐ.എന്‍.എ.ഐ നേതൃത്വത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. വിശദ വിവരങ്ങളും അപേക്ഷാഫോറവും ഐ.എന്‍.എ.ഐ വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.inaiusa.com ഈ അവസരം നമ്മുടെ നഴ്‌സുമാര്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഐ.എന്‍.എ.ഐ നേതൃത്വം താത്പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റാണി കാപ്പന്‍ (630 656 7339), റെജീന സേവ്യര്‍ (630 887 6663).