ഹെല്‍ത്ത് കെയര്‍ ബില്‍ പരാജയം അമേരിക്കന്‍ ജനതയുടെ വിജയമെന്ന്; ഹിലരി ക്ലിന്റണ്‍

07:02 am 39/3/2017

– പി. പി. ചെറിയാന്‍

Newsimg1_4907280
കലിഫോര്‍ണിയ: ട്രംപ് ഭരണ കൂടത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു ഹിലരി ക്ലിന്റണ്‍ രംഗത്ത്. ഒബാമ കെയര്‍ പിന്‍വലിച്ച് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നീക്കം പരാജയപ്പെട്ടത് അമേരിക്കന്‍ ജനതയുടെ വിജയമാണെന്ന് ഹിലരി വ്യക്തമാക്കി. സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ സംഘടിപ്പിച്ച പ്രൊഫഷണല്‍ ബിസിനസ് വുമണ്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു ഇവര്‍.

തികച്ചും പരാജയപ്പെട്ട ബില്‍ (ഡിസ്‌ട്രോയിസ് ബില്‍) എന്നാണ് ട്രംപിന്റെ ബില്ലിനെ ഹിലരി വിശേഷിപ്പിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം നിശബ്ദയായിരുന്ന ഹിലറി ആദ്യമായാണ് ട്രംപിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ലോകത്താകമാനമുള്ള സ്ത്രീകളുടെ അവകാശങ്ങളും അവസരങ്ങളും നേടിയെടുക്കുന്നതിന് മുന്നോട്ടു വരണമെന്ന് ഹിലരി ആഹ്വാനം ചെയ്തു. ഹെല്‍ത്ത് കെയര്‍ ബില്ലിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വിളിച്ചു കൂട്ടിയ യോഗത്തില്‍ ഒരൊറ്റ സ്ത്രീകളെ പോലും കാണാന്‍ കഴിഞ്ഞിരുന്നില്ല എന്നത് ട്രംപ് ഭരണകൂടം എങ്ങനെയാണ് സ്ത്രീകളെ പരിഗണിക്കുന്നതെന്നതിന് ഉദാഹരണമാണ് ഹിലരി പറഞ്ഞു.