ഉതുപ്പ് വർഗീസ് കൊച്ചിയിൽ അറസ്റ്റിലായതോടെ റിക്രൂട്ട്മെൻറിനായി പണംകൊടുത്ത് കാത്തിരിക്കുന്ന നിരവധിപേർ ആശങ്കയിൽ.

05:27pm 30/3/2017
images (2)

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെൻറിെൻറ മറവിൽ 300 കോടി രൂപയിലധികം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ഉതുപ്പ് വർഗീസ് കൊച്ചിയിൽ അറസ്റ്റിലായതോടെ റിക്രൂട്ട്മെൻറിനായി പണംകൊടുത്ത് കാത്തിരിക്കുന്ന നിരവധിപേർ ആശങ്കയിൽ. കഴിഞ്ഞമാസങ്ങളിലും ഇൗ മാസവും അനധികൃത നഴ്സിങ് റിക്രൂട്ട്മെൻറ് ഇൻറർവ്യൂ നടന്നിരുന്നു.
ഇതിൽ ഹാജരായി പണംകൊടുത്ത് ജോലിക്ക് കാത്തിരിക്കുന്നവരാണ് പുതിയ സാഹചര്യത്തിൽ ആശങ്കയിലായത്. അൽസറാഫ മാൻപവർ ഏജൻസി ഉടമ കോട്ടയം മൈലക്കാട്ട് ഉതുപ്പ് വർഗീസ് ആണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. ഇയാൾ ഇത് മൂന്നാം തവണയാണ് പിടിയിലാവുന്നത്. നേരത്തേ 2015ൽ അബൂദബിയിൽ ഇൻറർപോളിെൻറ പിടിയിലാവുന്നതിന് മുമ്പ് കുവൈത്തിൽ മാധ്യമപ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ഇയാൾ പൊലീസ് കസ്റ്റഡിയിലായിരുന്നുവെങ്കിലും പരാതിയോ കേസോ ഇല്ലാത്തതിനാൽ രക്ഷപ്പെടുകയായിരുന്നു.
വൻ തട്ടിപ്പ് കേസിലെ പ്രതിയായിരിക്കെ ഇന്ത്യയിൽനിന്ന് സി.ബി.ഐക്ക് പിടികൊടുക്കാതെ മുങ്ങിയിട്ടും ഇയാളുടെ പേരിലുള്ള കേസുകളെ കുറിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് അറിയിപ്പൊന്നും ലഭിക്കാത്തതാണ് കുവൈത്തിൽവെച്ച് പിടികിട്ടിയിട്ടും ഇയാൾ രക്ഷപ്പെടാൻ ഇടയാക്കിയത്. ഒടുവിൽ ജൂലൈ അവസാനം സി.ബി.ഐ ഇയാൾക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കുകയും സി.ബി.ഐ അഭ്യർഥന പ്രകാരം ഇൻറർപോൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഉതുപ്പിന് കുരുക്കൊരുങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതോടെ ഉതുപ്പിന് ഇന്ത്യയിലേക്ക് പോകാൻ പറ്റാത്ത അവസ്ഥയുമുണ്ടായി. അബൂദബിയിലും കുവൈത്തിലും ഓഫിസുള്ള ഉതുപ്പ് ഈ രണ്ടിടങ്ങളിലായി കഴിയുകയായിരുന്നു. ഇതിനിടയിൽ ഇന്ത്യയിലേക്ക് പോകവെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്.
കുവൈത്തിലേക്കുള്ള 1,200 നഴ്സുമാരുടെ റിക്രൂട്ട്മെൻറിനായി ലക്ഷങ്ങൾ വാങ്ങിയതുവഴി 300 കോടിയോളം തട്ടിപ്പ് നടത്തിയതിനാണ് ഉതുപ്പിനെതിരെ കേസുള്ളത്. നാട്ടിലെ ഓഫിസിൽ റെയ്ഡ് നടക്കുന്ന സമയത്ത് മുങ്ങിയ ഉതുപ്പ് കുവൈത്തിലേക്ക് കയറ്റിവിട്ട ഉദ്യോഗാർഥികളിൽനിന്ന് ബാക്കി തുക വാങ്ങുന്നതിനായി ഇവിടെയെത്തുകയായിരുന്നു. ഓഫിസിൽ എൻഫോഴ്സ്മെൻറ് റെയ്ഡ് നടന്നതോടെ അതുവരെ ആദ്യ ഗഡു നൽകിയ ഉദ്യോഗാർഥികളെ ബാക്കി സംഖ്യ കുവൈത്തിലെത്തിയ ഉടൻ നൽകണമെന്ന് പറഞ്ഞ് കയറ്റിവിടുകയായിരുന്നു. ഇതിന് ശേഷവും അനധികൃത റിക്രൂട്ട്മെൻറ് നിർബാധം തുടർന്നു.
ഇതെല്ലാം കണക്കിലെടുക്കുേമ്പാൾ ഇയാൾ കൈക്കലാക്കിയ കോടികളുടെ വ്യാപ്തി എത്രയോ അധികമാണ്.
അനധികൃത റിക്രൂട്ട്മെൻറ് മാഫിയയിലെ ഒരു കണ്ണി മാത്രമാണ് ഉതുപ്പ് വർഗീസ്. കുവൈത്തിലെ പ്രമുഖർ വഴിയാണ് നഴ്സിങ് റിക്രൂട്ട്മെൻറ് കരാർ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൽനിന്ന് ഉതുപ്പിെൻറ ഏജൻസി നേടിയെടുത്തത്. ഉദ്യോഗാർഥികളിൽനിന്നും നേരിട്ട് പണം സ്വീകരിക്കുകയായിരുന്നു ഇവരുടെ രീതി. ആദ്യം കുറച്ചു തുക ട്രാവൽ ഏജൻസി വഴി വാങ്ങിയശേഷം ബാക്കി തുക കുവൈത്തിലെ ഏജൻറുമാരെ ഏൽപിക്കാൻ ഉദ്യോഗാർഥികളോട് ആവശ്യപ്പെടുകയായിരുന്നു ചെയ്തിരുന്നത്.
ഇന്ത്യയിൽനിന്നുള്ള നഴ്സിങ് നിയമനം സർക്കാർ ഏജൻസികൾ വഴി മാത്രമാക്കാൻ തീരുമാനമായതാണ്. അംഗീകൃത റിക്രൂട്ട്മെൻറിനായി കേരള സർക്കാറിെൻറ കീഴിലുള്ള നോർക്ക റൂട്ട്സ്, ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രമോഷൻ കൺസൽട്ടൻറ്സ് (ഒഡാപെക്), തമിഴ്നാട്ടിലെ ഓവർസീസ് മാൻപവർ കോർപറേഷൻ എന്നീ ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
ഇൗ ഏജൻസികളെ നോക്കുകുത്തിയാക്കിയാണ് റിക്രൂട്ട്മെൻറ് മാഫിയ 20 ലക്ഷം രൂപ ഒാരോരുത്തരിൽനിന്നും ഇൗടാക്കി നഴ്സിങ് റിക്രൂട്ട്മെൻറ് നടത്തിയിരുന്നത്.