മാര്‍ ജേക്കബ് അങ്ങാടിയത്തിന് വിശിഷ്ട സ്ഥാനലബ്ദി

09:27 am 1/4/2017


ചിക്കാഗോ: അമേരിക്കയിലെ പൗരസ്ത്യ സഭാ ബിഷപ്പുമാരുടെ കൂട്ടായ്മയായ ഈസ്റ്റേണ്‍ കാത്തലിക് ബിഷപ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായി മാര്‍ ജേക്കബ് അങ്ങാടിയത്തിനെ തെരഞ്ഞെടുത്തു. മാര്‍ച്ച് 29,30 തീയതികളില്‍ സെന്റ് ലൂയീസില്‍ വച്ചു നടന്ന കോണ്‍ഫറന്‍സില്‍ വച്ചാണ് ഈ തീരുമാനം ഉണ്ടായത്.

2001-ല്‍ സീറോ മലബാര്‍ രൂപത ചിക്കാഗോ ആസ്ഥാനമായി അമേരിക്കയില്‍ രൂപീകൃതമായതു മുതല്‍ വിശ്വാസ സമൂഹത്തെ നയിക്കുന്ന മാര്‍ ജേക്കബ് അങ്ങാടിയത്ത് പൗരസ്ത്യ സഭകളുമായി നല്ല ബന്ധം പുലര്‍ത്തിവരുന്നു. അമേരിക്കയിലെ വിശ്വാസ വളര്‍ച്ചയ്ക്കും, പരിരക്ഷണത്തിനും കുട്ടികളുടെ വിശ്വാസ രൂപീകരണത്തിനുമായുള്ള നടപടികളും, വിശ്വാസച്യുതിയില്‍ നിന്നും സഭ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്നും എങ്ങനെ സഭാംഗങ്ങളെ നയിക്കാമെന്നും ഈ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി.

തന്നെ ഭരമേല്‍പിച്ചിരിക്കുന്ന ഈ വലിയ ഉത്തരവാദിത്വം ഏറെ സന്തോഷത്തോടെ സ്വീകരിക്കുന്നതായി മാര്‍ ജേക്കബ് അങ്ങാടിയത്ത് പറഞ്ഞു. എല്ലാ സഭാ പാരമ്പര്യങ്ങളേയും മനസ്സിലാക്കാനും, പരസ്പര ധാരണയോടെ വിശ്വാസ വളര്‍ച്ചയ്ക്കും, പരിരക്ഷണത്തിനുമായുള്ള നല്ല തീരുമാനങ്ങള്‍ കൈക്കൊള്ളാനും കഴിയുമെന്ന പ്രത്യാശ പിതാവ് പ്രകടിപ്പിച്ചു. രൂപതാ സമൂഹത്തിന്റെ പ്രാര്‍ത്ഥനകള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായുണ്ടാകണമെന്നും പിതാവ് അഭ്യര്‍ത്ഥിച്ചു.
MoreNews_63664.