ഉപതെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വൻ തട്ടിപ്പ്.

06:50 pm 1/4/2017

ഭോപ്പാൽ: മധ്യപ്രദേശിലെ ബിന്ദിൽ ഉപതെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ (ഇ.വി.എം) വൻ തട്ടിപ്പ്. മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടിങ് മെഷീൻ പരിശോധിച്ചപ്പോൾ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടുരേഖപ്പെടുത്തുന്നതായി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ബിന്ദ് ജില്ലാഭരണാധികാരികളോട് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

വി.വി.പാറ്റ് സംവിധാനത്തോടെയുള്ള ഇ.വി.എമ്മാണ് ഇവിടെ ഉപയോഗിക്കുന്നത്. വോട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ലിപ്പ് കാണുകയും അത് നാം രേഖപ്പെടുത്തിയ വോട്ട് തന്നെയാണോ എന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സംവിധാനമാണ് വിവിപാറ്റ്. എന്നാല്‍, ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തുന്ന സ്ലിപ്പ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

നേരത്തെ ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പിൽ ബി.എസ്.പി നേതാവ് മായാവതിയും എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും വോട്ടിങ് മെഷീനിൽ വ്യാപക ക്രമക്കേട് നടന്നതായി ആരോപിച്ചിരുന്നു.