ന്യൂഡൽഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പൂവാല വിരുദ്ധ സ്ക്വാഡിനെതിരെ വിമർശം ഉന്നയിച്ച പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരെ ബിജെപി രംഗത്ത്. ഇതിഹാസ പൂവാലനായ കൃഷ്ണന്റെ പേരാണ് സ്ക്വാഡിന് നൽകേണ്ടിയിരുന്നതെന്ന ഭൂഷന്റെ പരാമർശമാണ് വിവാദമായത്. സ്ക്വാഡിന് വില്യം ഷേക്സ്പിയറുടെ കഥാപാത്രമായ റോമിയോയുടെ പേര് നൽകിയതിനെതിരെയായിരുന്നു ഭൂഷൻ വിമർശം ഉന്നയിച്ചത്.
റോമിയോ ഒരു സ്ത്രീയെ മാത്രമായിരുന്നു പ്രേമിച്ചിരുന്നതെന്ന് പറഞ്ഞ പ്രശാന്ത് ഭൂഷൺ, ആന്റി കൃഷ്ണ സ്ക്വാഡ് എന്ന് വിളിക്കാൻ ആദിത്യനാഥ് ധൈര്യപ്പെടുമോ എന്നും ട്വിറ്ററിൽ ചോദിച്ചു. സംഭവത്തിൽ ബിജെപി ഡൽഹി പാർട്ടി വക്താവ് തജീന്ദർ പാൽ സിംഗ് ബഗ്ഗയാണ് തിലക്മാർഗ് സ്റ്റേഷനിൽ പ രാതി നൽകിയത്. ഹിന്ദു സമുദായത്തെ അവഹേളിക്കാൻ ബോധപൂർവം അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് പരാതിയിൽ പറയുന്നു.