08:08 am 4/4/2017
– ജിമ്മി കണിയാലി
ചിക്കാഗോ: ഏപ്രില്‍ 22 ശനിയാഴ്ച രാവിലെ 8 മണിമുതല്‍ ബെല്‍വുഡിലെ സീറോ മലാബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്ന കലാമേള 2017 ന്റെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 10ന് അവസാനിക്കുമെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, കലാമേള ചെയര്‍മാന്‍ ജിതേഷ് ചുങ്കത്ത് എന്നിവര്‍ അറിയിച്ചു.
ഈ വര്‍ഷം ഓണ്‍ലൈനായി പണമടയ്ക്കുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതിനാല്‍, ഈ അവസരം വളരെയധികം ആളുകള്‍ ഇതിനോടകം ഉപയോഗപ്പെടുത്തിയത് കലാമേളയുടെ ക്രമീകരണങ്ങള്‍ ഭംഗിയാക്കുവാന്‍ ഒത്തിരി സഹായിക്കുമെന്നവര്‍ പറഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാനുള്ളവര്‍ അവസാന ദിവസംവരെ കാത്തിരിക്കാതെ എത്രയും നേരത്തെ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. രാവിലെ 8 മണിമുതല്‍ ഒരേ സമയം നാലു വേദികളിലായി നടക്കുന്ന ഈ കലാമാമാങ്കത്തിന് നേതൃത്വം കൊടുക്കുന്നത് ജിതേഷ് ചുങ്കത്ത്, സിബിള്‍ ഫിലിപ്പ്, സഖറിയ ചേലയ്ക്കല്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ്.
കലാമേളയോടനുബന്ധിച്ചു നടത്തുന്ന വനിതാരത്‌നം 2017 ന്റെ രജിസ്‌ട്രേഷനും ഏപ്രില്‍ 10ന് അവസാനിക്കും. 18 വയസിനും 35 വയസിനും ഇടയ്ക്കു പ്രായമുള്ള വനിതകള്‍ക്കായി നടത്തുന്ന ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ നിഷാ എറിക് (901 239 0556), സിബിള്‍ ഫിലിപ്പ് (630 697 2241) എന്നിവരുടെ പക്കല്‍ ഏപ്രില്‍ 10നു മുന്‍പായി പേരു നല്‍കേണ്ടതാണ്.
റിപ്പോര്‍ട്ട് : ജിമ്മി കണിയാലി