ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ദരിദ്രനാണെങ്കിൽ അദ്ദേഹത്തിന് വേണ്ടി സൗജന്യമായി കേസ് വാദിക്കാൻ തയാറാണെന്ന് മുതിർന്ന അഭിഭാഷകൻ രാംജഠ് മലാനി. കേജരിവാളിനെതിരേ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി സമർപ്പിച്ച മാനനഷ്ടക്കേസിൽ ഹാജരായ രാംജഠ് മലാനിക്ക് ഫീസ് സർക്കാർ ഖജനാവിൽ നിന്നും നൽകാൻ ഡൽഹി മന്ത്രി മനീഷ് സിസോദിയ നിർദ്ദേശിച്ചത് വിവാദമായിരുന്നു. ഇതേതുടർന്നാണ് സൗജന്യം വാഗ്ദാനം ചെയ്ത് രാംജഠ് മലാനി രംഗത്തുവന്നത്.
താൻ ധനികരിൽ നിന്നും മാത്രമേ ഫീസ് വാങ്ങാറുള്ളൂ എന്നും കേജരിവാളിന് പണമില്ലെങ്കിൽ അദ്ദേഹത്തിന് വേണ്ടി സൗജന്യമായി ഹാജരാകാൻ തയാറാണെന്നും ജഠ് മലാനി വ്യക്തമാക്കി. കേജരിവാളിനെ ദരിദ്രനായ കക്ഷിയായി താൻ കണക്കാക്കാൻ തയാറാണ്. ജയ്റ്റ്ലി തന്‍റെ വാദങ്ങളെ ഭയക്കുന്നതുകൊണ്ടാണ് ഇത്തരം വിവാദങ്ങളുണ്ടാകുന്നതെന്നും രാംജഠ് മലാനി പരിഹസിച്ചു.
മുഖ്യമന്ത്രിക്കെതിരായ മാനനഷ്ടക്കേസിൽ ഹാജരായ അഭിഭാഷകന് സർക്കാർ ഖജനാവിൽ നിന്നും പണം നൽകുന്നതിനെ ലഫ്.ഗവർണർ അനിൽ ബെയ്ജാൽ എതിർത്തിരുന്നു. ഇക്കാര്യത്തിൽ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാറിന്‍റെ അഭിപ്രായവും ലഫ്. ഗവർണർ തേടിയിട്ടുണ്ട്.