അധ്യാപകർ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിന് വിലക്ക്.

6:26 pm 5/4/2017


ലഖ്നോ: ഉത്തർപ്രദേശിലെ 158 സർക്കാർ കോളജുകളിലെയും 331 എയ്ഡഡ് കോളജുകളിലെയും അധ്യാപകർ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിന് വിലക്ക്. അധ്യാപകർ മാന്യമായ രീതിയിലുള്ള വസ്ത്രം ധരിച്ചു മാത്രമേ കോളജുകളിൽ വരാൻ പാടുള്ളൂവെന്നും കൃത്യസമയത്ത് സ്ഥാപനങ്ങളിൽ ഹാജരാകണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. ഉന്നത വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടർ ഉർമിള സിങ്ങാണ് നിർദേശം പുറപ്പെടുവിച്ചത്. ഹാജർ നില കൃത്യമാണെന്ന് പരിശോധിക്കാൻ കോളജുകളിൽ ബയോ മെട്രിക് സംവിധാനം നടപ്പാക്കുമെന്നും നിർദേശമുണ്ട്.

അധ്യാപകരെയാണ് വിദ്യാർഥികൾ മാതൃകയാക്കുക. അതിനാൽ തന്നെ അധ്യാപകർ മാന്യമല്ലാത്ത വസ്ത്രം ധരിച്ചു വന്നാൽ വിദ്യാർഥികളും അത് പിന്തുടരും. അതിനാലാണ് ജീൻസും ടീഷർട്ടും നിരോധിച്ചത്. അധ്യാപകർ കറുത്തതോ കടും നീല നിറമോയുള്ള പാന്‍റ്സും വെള്ളയോ ആകാശ നീലയോ നിറമുള്ള ഷർട്ടോ ധരിക്കുന്നത് നന്നാകുമെന്നും ഉർമിള സിങ്ങ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ ഒാഫീസുകളിൽ പാൻ മസാല, ഗുഡ്ക, പുകയില ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ഭരണത്തിലെത്തിയ ഉടൻ ഒാഫീസുകൾ വൃത്തിയായി സൂക്ഷിക്കാനുള്ള നിർദേശവും അദ്ദേഹം ജീവനക്കാർക്ക് നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പ്രചാരണത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ആദിത്യനാഥിെൻറ നേതൃത്വത്തിലുള്ള സർക്കാർ ഇൗ നടപടികൾ സ്വീകരിച്ചത്.