12:10 pm 7/4/2017
ന്യൂഡൽഹി: രാജസ്ഥാനിൽ പശുരക്ഷകർ മുസ്ലിം മധ്യവയസ്കനെ തല്ലിക്കൊന്ന സംഭവത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് ആറു സംസ്ഥാനങ്ങൾക്ക് കോടതി നോട്ടീസ് അയച്ചു. രാജസ്ഥാൻ, ഗുജറാത്ത്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പശുസംരക്ഷകരെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് കോടതി നടപടി. കേസ് വീണ്ടും മെയ് മൂന്നിന് പരിഗണിക്കും.
രാജസ്ഥാനിലെ അല്‍വാറിലാണ് ഏറ്റവും ഒടുവിലായി പശുസംരക്ഷകരുടെ ആക്രമണം ഉണ്ടായത്. പശുക്കളെ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് 15 ആളുകള്‍ അടങ്ങുന്ന സംഘമാണ് 35കാരനായ പെഹ്ലു ഖാന് എന്നയാളെ മർദിച്ചത്. ഗുരുതരമായി പരുക്കേറ്റ പെഹ്ലു ഖാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പശുക്കളെ കടത്തുന്നവര്‍ക്കെതിരെ രാജസ്ഥാനിൽ ബോവിന് ആനിമല്‍ നിയമപ്രകാരം കേസ് എടുക്കുവാന്‍ സാധിക്കും. കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി പശുക്കളെ കൊണ്ടുപോകുന്നതിന് പോലും ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങണമെന്ന സാഹചര്യമാണ് രാജസ്ഥാനിലുള്ളത്. – See more at: