07:40 am 8/4/2017
– പി.പി. ചെറിയാന്‍
ലീഗ് സിറ്റി(ടെക്‌സസ്): പള്ളി ആരാധനയ്ക്കുശേഷം ചര്‍ച്ച് കിച്ചണില്‍ നിന്നിരുന്ന പതിനഞ്ചുകാരിയുടെ പുറകില്‍ വന്നു തോളിലൂടെ കൈയിട്ട് മാറില്‍ സ്പര്‍ശിച്ച കേസില്‍ ഏഴുപത്തിയെട്ടുകാരന്‍ ചാള്‍സ് റെ മാര്‍ട്ടിനെ കോടതി ജീവപര്യന്തം ശിക്ഷിച്ചു. പരോള്‍ ലഭിക്കണമെങ്കില്‍ മുപ്പത് വര്‍ഷം ജയിലില്‍ കഴിയണം.
ജില്ലാ കോടതി ജഡ്ജി കെറി നെവിസ് ഏപ്രില്‍ നാലിനാണ് വിധി പ്രഖ്യാപിച്ചത്. ആദ്യം പെണ്‍കുട്ടി വൃദ്ധനെ തടഞ്ഞുവെങ്കിലും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ തള്ളി മാറ്റുകയായിരുന്നു. വിവരം മാതാപിതാക്കളെ അറിയിക്കരുതെന്ന് വൃദ്ധന്‍ മുന്നറിയിപ്പ് നല്‍കി. പറഞ്ഞാല്‍ ഇവരും കേസില്‍ കുടുങ്ങുമെന്ന് ഭീഷിണിപ്പെടുത്തുകയും ചെയ്തു.
പെണ്‍കുട്ടി വിവരം മാതാപിതാക്കളേയും മാതാപിതാക്കള്‍ പൊലീസിനെയും അറിയിച്ചു. തുടര്‍ന്ന് വൃദ്ധനെ കുറിച്ച് പൊലീസ് അന്വേഷിച്ചതില്‍ നിന്നും മുന്‍പും വൃദ്ധന്‍ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കേസ്സില്‍ പത്ത് വര്‍ഷത്തെ പ്രൊസേഷന്‍ നല്‍കിയിരുന്നതായി കണ്ടെത്തി.
പള്ളിയില്‍ 2015 മേയില്‍ നടന്ന സംഭവത്തില്‍ വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ നടത്തുന്ന പീഡനം വളരെ ഗൗരവമായാണ് പരിഗണിക്കപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ പല സ്ഥലങ്ങളിലും ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും പലരും രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്. അഭിമാനത്തിന് ക്ഷതമേല്‍ക്കാതിരിക്കുന്നതിന് മറച്ചുവയ്ക്കുന്ന ഈ സംഭവങ്ങള്‍ പ്രതികള്‍ക്ക് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിന് അവസരമൊരുക്കുകയാണെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.