08:06 am 8/4/2017
റാഞ്ചി: അന്യമതത്തിൽപ്പെട്ട പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ ജാർഖണ്ഡിൽ മുസ്ലിം യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. ഗുംല ജില്ലയിൽ ബുധനാഴ്ചയായിരുന്നു സംഭവം. 20 വയസുള്ള മുഹമ്മദ് ഷാലിക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകൾ മർദനത്തിനിരയാക്കിയശേഷമാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണു സൂചന.
സമീപ ഗ്രാമത്തിലെ ഒരു ഹിന്ദു പെണ്‍കുട്ടിയുമായി മുഹമ്മദിനു ബന്ധമുണ്ടായിരുന്നു. രാമനവമി ദിവസം യുവാവിനെ കാണണമെന്ന് ആവശ്യപ്പെട്ടു പെണ്‍കുട്ടി ഫോണ്‍ ചെയ്തു. ഇതേതുടർന്ന് ഇവർ സന്ധിച്ചശേഷം പെണ്‍കുട്ടിയെ വീട്ടിൽ കൊണ്ടാക്കുന്നതിനായി പോകവെ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്യുകയും മരത്തില്‍ കെട്ടിയിട്ടു മണിക്കൂറുകളോളം മർദിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് തൊട്ടടുത്ത ദിവസം മരിച്ചു. പെണ്‍കുട്ടിയെ കാണാനെത്തരുതെന്ന് നാട്ടുകാർമുന്പ് യുവാവിനെ താക്കീത് ചെയ്തിരുന്നതായി ഗുംല എസ്പി ചന്ദൻകുമാർ ഝാ പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന മറ്റു ചിലരെ പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.