ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ -ന്യൂയോര്‍ക്ക് ആരോഗ്യ വിദ്യാഭ്യാസ സംരംഭത്തില്‍

08:01 am 9/4/2017


ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്, അതിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങളില്‍ ഒന്നായ അറിവ് പ്രചാരണത്തിന്റെ ഭാഗമായി ഇ.കെ.ജി (എലക്‌ട്രോ കാര്‍ഡിയോഗ്രാം) ക്ലാസ് നടത്തി. ഏപ്രില്‍ ഒന്നിന് ശനിയാഴ്ച ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്ക് ടൈസന്‍ സെന്ററില്‍ വച്ചാണ് ഈ വിദ്യാഭ്യാസ സംരംഭം നടത്തിയത്.

പ്രിയ മാത്യു ചിറയില്‍, ബ്ലെസി വര്‍ഗീസ് എന്നിവര്‍ നടത്തിയ എലക്‌ട്രോ കാര്‍ഡിയോഗ്രാമിനെക്കുറിച്ചുള്ള ഈ സംരംഭം നഴ്‌സിംഗ് പഠിക്കുന്നവര്‍ക്കും പഠനശേഷം ലൈസന്‍സ് എടുക്കുവാന്‍ തയാറെടുക്കുന്നവര്‍ക്കും, പ്രാക്ടീസ് ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഒരുപോലെ പ്രയോജനകരമായിരുന്നു. ഹൃദയത്തിന്റെ ഘടനാശാസ്ത്രം മുതല്‍ എലക്‌ട്രോകാര്‍ഡിയോഗ്രാമിന്റെ വ്യാഖ്യാനം, അതുവഴി ഹൃദയത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളും അസാധാരണ പ്രവര്‍ത്തനങ്ങളും തിരിച്ചറിയുക എന്നീ ഹൃദയ സാങ്കേതികതകളെ വിശകലനം ചെയ്യുന്ന ഒന്നായിരുന്നു “കോംപ്രിഹെന്‍സീവ് ഇ.കെ.ജി റിവ്യൂ’ എന്ന പേരില്‍ നടത്തിയ ഈ ക്ലാസ്.

ലോംഗ് ഐലന്റ് മിനിയോളയിലെ വിന്‍ത്രോപ്പ് ഹോസ്പിറ്റലില്‍ നഴ്‌സ് പ്രാക്ടീഷണറാണ് പ്രിയ മാത്യു ചിറയില്‍. അതേ ആശുപത്രിയിലെ ട്രൗമാ നഴ്‌സാണ് ബ്ലസി വര്‍ഗീസ്.

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് മേരി ഫിലിപ്പ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് താരാ ഷാജന്‍ പ്രിയ മാത്യുവിനേയും, ജെസ്സി ജോഷി ബ്ലസി വര്‍ഗീസിനേയും പരിചയപ്പെടുത്തി. സംഘടനയുടെ എഡ്യൂക്കേഷന്‍ ചെയര്‍ അര്‍ച്ചന ഫിലിപ്പ് ആയിരുന്നു പരിപാടിയുടെ സുത്രധാരകയും മാനേജരും.