ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി മലാല യൂസഫ്സായിയെ തെരഞ്ഞെടുത്തു.

01:22 pm 9/4/2017

ജനീവ: ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായിയെ തെരഞ്ഞെടുത്തു. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ആന്‍റോണിയോ ഗുട്ടറസാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്. തിങ്കളാഴ്ച ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാകും.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ പ്രസക്തി ആഗോള വ്യാപകമായി ബോധവത്കരണം നടത്തുകയാണ് മലാലയുടെ നിയമനത്തിലൂടെ യുഎൻ ലക്ഷ്യമിടുന്നത്.

പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പ്രവർത്തകയാണ് മലാല യൂസഫ് സായി. ടൈംസ് പുറത്തുവിട്ട ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരിൽ ഒരാളാകാനും മലാലയ്ക്കു കഴിഞ്ഞു. നൊബേൽ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് മലാല.