ദിലീപ് ചൗഹാന് ‘കിംഗ് ഓഫ് ലോംഗ് ഐലന്റ്’ അവാര്‍ഡ്

08:37 pm 9/4/2017

– മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്‍ഡ്യന്‍ വംശജര്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷ സമൂഹമായ സൗത്ത് ഏഷ്യന്‍ കമ്യൂണിറ്റിയുടെ സമഗ്ര പുരോഗമനത്തിനായി വാദിക്കുകയും അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇന്‍ഡ്യന്‍ വംശജന്‍ ദിലീപ് ചൗഹാന്റെ കിരീടത്തിലേക്ക് മറ്റൊരു പൊന്‍ തൂവല്‍ കൂടി. ലോംഗ് ഐലന്റിലെ ബിസിനസ്സ് നെറ്റ് വര്‍ക്കിംഗ് സംഘടനയായ സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് നല്‍കി വരുന്ന “”കിംഗ്‌സ് ഓഫ് ലോംഗ് ഐലന്റ്” അവാര്‍ഡിന്റെ 2017-ലെ ജേതാവായി ദിലീപ് ചൗഹാന്‍ പ്രഖ്യാപിക്കപ്പെട്ടു. വിവിധ മേഖലയില്‍ സമൂഹ നന്മക്കായി പ്രവര്‍ത്തിക്കുന്ന എല്ലാ സമൂഹത്തിലുമുള്ള ലോംഗ് ഐലന്റ് നിവാസികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രമുഖ വ്യക്തികള്‍ക്ക് നല്‍കുന്ന ബഹുമതിയാണിത്. സൗത്ത് ഏഷ്യന്‍-അമേരിക്കന്‍ സമൂഹത്തിന്റെ സമഗ്ര ഉന്നമനത്തിനായി കാഴ്ചവെച്ച സമര്‍പ്പണ സേവനം പരിഗണിച്ചാണ് ദിലീപ് ഈ അവാര്‍ഡിന് അര്‍ഹനായത്.

ഏപ്രില്‍ 6-ന് വൈകിട്ട് ഗ്രേറ്റ്‌നെക്കിലുള്ള ലെനോര്‍ഡ്‌സ് ആഡിറ്റോറിയത്തില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ നാനാ മേഖലകളിലും വിവിധ സമൂഹത്തിലും ഉള്‍പ്പെട്ട നൂറു കണക്കിന് പ്രമഖ വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ ഇവന്റ് സംഘാടക വിക്‌ടോറിയ സ്‌നെപ്‌സ്-യുനിസ് “”കിംഗ്‌സ് ഓഫ് ലോംഗ് ഐലന്റ്” അവാര്‍ഡ് ദിലീപിന് സമ്മാനിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ചുവന്ന പരവതാനിയിലൂടെ അവാര്‍ഡ് സ്വീകരിക്കാനായി നടന്നു നീങ്ങിയ ദിലീപിനെ വിവിധ ഇന്‍ഡ്യക്കാര്‍ ഉള്‍പ്പെടെയുള്ള കാണികള്‍ വന്‍ കരഘോഷത്തോടെ ആനയിച്ചു.

ന്യൂയോര്‍ക്ക് നാസ്സോ കൗണ്‍ഡിയില്‍ കംട്രോളര്‍ ജോര്‍ജ്ജ് മറഗോസിന്റെ ആഫീസില്‍ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ അഫയേഴ്‌സ് ഡയറക്ടറായും കംട്രോളറുടെ സീനിയര്‍ അഡൈ്വസറായും പ്രവര്‍ത്തിക്കുന്ന ദിലീപ് ചൗഹാന്‍ ലോംഗ് ഐലന്റിലെ വിവിധ സംഘടനകളിലൂടെ സമൂഹനന്മക്കായി പല മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇതിന് മുമ്പും വിവിധ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ദിലീപ് ചൗഹാനെ ആദരിക്കുന്നതിന്റെ ഭാഗമായി 2016 നവംബര്‍ 12ന് ന്യൂയോര്‍ക്കിലെ 6-ാം കോണ്‍ഗ്രഷനല്‍ ഡിസ്ട്രക്ട് കോണ്‍ഗ്രസ് വുമന്‍ ഗ്രേസ് മെംഗ് നവംബര്‍ 12 “”ദിലീപ് ചൗഹാന്‍ ദിനം” ആയി ന്യൂയോര്‍ക്കിന് സമര്‍പ്പിച്ചിരുന്നു. “ഗെയ്റ്റ്‌വേ ടു സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ കമ്യൂണിറ്റി ഓഫ് ന്യൂയോര്‍ക്ക്’ എന്ന പ്രബന്ധത്തിലൂടെ അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട വിവിധ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും, സ്റ്റേറ്റ് സെനറ്റര്‍മാര്‍ക്കും അസ്സംബ്ലി അംഗങ്ങള്‍ക്കും ന്യൂയോര്‍ക്കിലെ മറ്റ് സാമാജികര്‍ക്കും കഴിഞ്ഞ പത്ത് വര്‍ഷമായി ഏഷ്യന്‍ സമൂഹത്തെപ്പറ്റിയും ഇന്‍ഡ്യന്‍ സമൂഹത്തെപ്പറ്റിയും ധാരാളം അറിവ് ചൗഹാന്‍ പകര്‍ന്നു നല്‍കുന്നു.

ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ചൗഹാന്‍, സിറ്റി ഹാള്‍ പൊളിറ്റിക്കല്‍ന}സ് “”പൊളിറ്റിക്കല്‍ റൈസിംഗ് സ്റ്റാര്‍ ഫോര്‍ട്ടി അണ്ടര്‍ ഫോര്‍ട്ടി” (Political Raising Star 40 under 40) എന്ന പദവി നല്‍കി ആദരിച്ച ആദ്യ സൗത്ത് ഏഷ്യന്‍ അമേരിക്കനാണ്. ഗുജറാത്തി സമാജ് ഓഫ് ന്യൂയോര്‍ക്ക് ചെയര്‍മാനായി പ്രവര്‍ത്തിച്ച അദ്ദേഹം അസ്സോസിയേഷന്‍ ഓഫ് അമേരിക്കന്‍ ഫിസിഷ്യന്‍സ് ഓഫ് ഇന്‍ഡ്യന്‍ ഒറിജിന്‍ (AAPI) എന്ന സംഘടനയുടെ അഡൈ്വസറാണ്. സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ വോയ്‌സ് (SAAVOICE) ബോര്‍ഡ് മെംബറായും, സര്‍വ്വീസ് നൗ ഫോര്‍ അഡള്‍ട്ട് പേഴ്‌സണ്‍സിന്റെ (SNAP) ഓണററി ഡയറക്ടറായും ന്യൂയോര്‍ക്ക് ഗുജറാത്തി സമാജ്, ന്യൂയോര്‍ക്ക് ബ്രാഹ്മിണ്‍ സൊസൈറ്റി എന്നിവയിലെ അംഗമായും പ്രവര്‍ത്തിക്കുന്നു. നാസ്സോ കൗണ്‍ഡി നിവാസികളായ ന്യൂനപക്ഷക്കാരുടെ സമഗ്രവികസനത്തിന് ധാരാളം സംഭാവനകളാണ് ചൗഹാന്‍ നല്‍കിയിട്ടുള്ളത്. നിവാസികള്‍ക്ക് അവരുടെ ഉത്തരവാദിത്വ ബോധം വര്‍ദ്ധിപ്പിക്കുന്നതിനും വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമുള്ള നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്ന കമ്യൂണിറ്റി റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലൂടെ ചൗഹാന്‍ പ്രവര്‍ത്തിക്കുന്നു. ദിലീപ് ചൗഹാന്‍ നയിക്കുന്ന “വോട്ടര്‍ രജിസ്‌ഷ്രേന്‍’ സംരംഭത്തില്‍ സഹകരിച്ച് വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ത്ത് ഇലക്ഷന്‍ സമയത്ത് സമ്മതിദാനാവകാശം രേഖപ്പെടുത്തി നമുക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടി എടുക്കാന്‍ എല്ലാ മലയാളികളും താത്പര്യപ്പെടണം.

റിപ്പോര്‍ട്ട്: മാത്യുക്കുട്ടി ഈശോ