കയ്റോ: ടാന്റ, അലക്സാൻഡ്രിയ നഗരങ്ങളിലെ കോപ്റ്റിക് ഓർത്തഡോക്സ് പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈജിപ്തിൽ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് അബ്ദേൽ ഫത്താ അൽസിസിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പള്ളികൽ ഓശാന തിരുക്കർമങ്ങൾക്കിടെയുണ്ടായ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരാക്രമണത്തിൽ 45 പേർ കൊല്ലപ്പെടുകയും 119 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നൈൽ നദീതീരത്തുള്ള ടാന്റയിലെ മാർ ഗിർഗിസ് (സെന്റ്. ജോർജ്) പള്ളിയിലാണ് ആദ്യ സ്ഫോടനമുണ്ടായത്. ഇവിടെ 27 പേർ കൊല്ലപ്പെട്ടെന്നും 78 പേർക്കു പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാന നഗരമായ കയ്റോയിൽനിന്നു120 കിലോമീറ്റർ അകലെയാണ് ടാന്റ നഗരം. ടാന്റ കോടതി തലവൻ സാമുവൽ ജോർജും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പിന്നാലെ അലക്സാൻഡ്രിയ സെന്റ് മാർക്ക് കത്തീഡ്രലിലും ആക്രമണവും ഉണ്ടാകുകയായിരുന്നു. ഇവിടെ 18 പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.