08:06 am 11/4/2017
– പി.പി. ചെറിയാന്
ഹൂസ്റ്റണ്‍ (ടെക്സസ്): സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ച ട്രംപിന് ബാഷര്‍ ആസാദ് ഗവണ്മെന്റ് നടത്തിയ രാസായുധ ആക്രമണത്തില്‍ മുറിവേറ്റ് പിടഞ്ഞു മരിച്ച കുരുന്നുകളെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്ന് ഹില്ലരി ക്ലിന്റണ്. ഹൂസ്റ്റണില്‍ നടത്തിയ സ്ത്രീകളുടെ അവകാശ പ്രചാരണ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഹില്ലരി.
പൊള്ളലേറ്റ് മരിച്ച കുട്ടികളുടെ ചിത്രം പ്രദര്‍ശിപ്പിച്ചു സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ ന്യായീകരിച്ച ട്രംപിന്റെ നടപടിയെ ഹില്ലരി അപലപിച്ചു. സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കില്ലെന്നും സിറിയന്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്നും ഒരേ സ്വരത്തില്‍ എങ്ങനെയാണ് ട്രംപിന് പറയാന്‍ കഴിയുന്നതെന്ന് ചോദിച്ച ഹില്ലരി, അമേരിക്ക സിറിയായില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
സിറിയയിലെ സിവില്‍ വാര് അവസാനിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ തുടര്‍ച്ച എന്താണെന്ന് വ്യക്തമാക്കാന്‍ ട്രംപ് തയാറാകണം. ലോക രാഷ്ട്രങ്ങള്‍ സിറിയന്‍ പ്രസിഡന്റിന്റെ കൊടും ക്രൂരതയ്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകണമെന്നും ഹില്ലരി നിര്‍ദ്ദേശിച്ചു.
2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാസങ്ങള്‍ക്കുശേഷം ആദ്യമായാണ് ഹില്ലരി പരസ്യമായ രാഷ്ട്രീയ രംഗ പ്രവേശനം നടത്തിയെന്നതും ശ്രദ്ധേയമാണ്.