പ്രവാസികള്‍ക്ക് വ്യവസായം തുടങ്ങാന്‍ ഇന്ത്യയില്‍ സുവര്‍ണ്ണാവസരം: അംബാസിഡര്‍ നവതേജ് സാര്‍ണ

08:23 am 12/4/2017


ഷിക്കാഗോ: പ്രവാസികള്‍ക്ക് ഇന്ത്യയില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ സുവര്‍ണ്ണാവസരമാണെന്ന് അംബാസിഡര്‍ നവതേജ് സാര്‍ണ പ്രസ്താവിച്ചു. ഇന്ത്യയുടെ പുതിയ അംബാസിഡറായി സ്ഥാനമേറ്റെടുത്തതിനുശേഷം ആദ്യമായി ഷിക്കാഗോ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ചിക്കാഗോ ഷെറാട്ടണ്‍ ഹോട്ടലിന്റെ ബാള്‍റൂമില്‍ ഒരുക്കിയ വിരുന്നില്‍ സംസാരിക്കവെ ആണ് പ്രവാസികള്‍ ഇന്ത്യയില്‍ വ്യവസായങ്ങള്‍ തുടങ്ങണമെന്നും, ഇന്ത്യാ ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റുകളും വ്യവസായങ്ങള്‍ തുടങ്ങുന്നതിനു വിവിധ നികുതി ഇളവുകളും കൂടാതെ ഭൂമി കുറഞ്ഞ നിരക്കില്‍ നിക്ഷേപകര്‍ക്കായി പാട്ടത്തിനു നല്‍കുമെന്നും അറിയിച്ചു. ഇത് ഇന്ത്യന്‍ സാമ്പത്തിക രംഗം അതിവേഗം വളരുന്നതിന് സഹായിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ് അമേരിക്കയിലെ മിഡ്‌വെസ്റ്റിലുള്ള ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നമുള്ള പ്രമുഖ വ്യവസായികളേയും, ചുരുക്കം ചില കമ്യൂണിറ്റി ലീഡേഴ്‌സിനേയും ക്ഷണിച്ചുകൊണ്ടുള്ള വിരുന്നാണ് സംഘടിപ്പിച്ചത്. മലയാളികളെ പ്രതിനിധീകരിച്ച് ഗോപിയോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫോമാ ട്രഷറര്‍ ജോസി കുരിശിങ്കല്‍, ഫോമ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളം എന്നിവര്‍ സംബന്ധിച്ചു.

ഇന്ത്യയിലേക്ക് വ്യവസായങ്ങള്‍ ആകര്‍ഷിക്കുന്നതിനായി ഇന്ത്യ- യു.എസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ വിവിധ എക്‌സ്‌പോകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇല്ലിനോയിസ് ഗവര്‍ണര്‍ ബ്രൂസ് റൗണ്ണറിനേയും, ചിക്കാഗോ മേയര്‍ റാം ഇമ്മാനുവലിനേയും അദ്ദേഹം സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നീതാ ഭൂഷണ്‍ അംബാസിഡറെ സദസ്യര്‍ക്ക് പരിചയപ്പെടുത്തുകയും, സംബന്ധിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

ഇന്ത്യയില്‍ വ്യവസായം തുടങ്ങുന്നതിനായി പതിനൊന്ന് രാജ്യങ്ങളിലായി പതിനായിരത്തിലധികം ജോലിക്കാരുള്ള ദീപക് വ്യാസുമായും, ആയിരത്തിലധികം ഗ്യാസ് സ്റ്റേഷനുകളുള്ള പെട്രോളിയം വ്യവസായിയായ ധര്‍ഷന്‍ സിംഗ് ധാലിവാലുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തി.