08:02 am 15/4/2017
ബംഗളൂരു: കർണാടകയിൽ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് മുൻ കൗൺസിലറുടെ വീട്ടിൽനടന്ന റെയ്ഡിൽ ലഭിച്ചത് 14.8 കോടി രൂപയുടെ അസാധു നോട്ടുകൾ. ബംഗളൂരു ശ്രീരാമപുരയിലായിരുന്നു സംഭവം. കൗൺസിലർ നാഗരാജയുടെ വീട്ടില്‍നിന്നാണ് പണം പിടിച്ചെടുത്തത്. കഴിഞ്ഞ മാർച്ചിൽ എൻ.ഉമേഷ് എന്ന ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയ കേസിലാണ് റെയ്ഡ് നടന്നത്. എന്നാൽ റെയ്ഡിനു തൊട്ടുമുമ്പ് നാഗരാജ ഇവിടെനിന്നും രക്ഷപെട്ടു. 500, 1000 നോട്ടുകളാണ് നാഗരാജയുടെ വീട്ടിൽനിന്നും ലഭിച്ചത്. റെയ്ഡിൽ അഞ്ച് നില വീട്ടില്‍നിന്നും ആയുധങ്ങളും നിരവധി രേഖകളും പിടിച്ചെടുത്തു.
രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയതും ആളുകളെ തട്ടിക്കൊണ്ടുപോയതും അടക്കം 45 കേസുകളിലെ പ്രതിയാണ് ബോംബ് നാഗ. സന്നദ്ധ സംഘടനയുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിലും സജീവമായിരുന്നു നാഗ.