പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ത്യ നിർത്തിവച്ചു.

01:10 pm 15/4/2017

ന്യൂഡൽഹി: കുൽഭൂഷൻ ജാദവിന് വധശിക്ഷ വിധിച്ചതിൽ പ്രതിഷേധിച്ച് പാകിസ്താനുമായുള്ള ഉഭയകക്ഷി ചർച്ച ഇന്ത്യ നിർത്തിവച്ചു. മാരിടൈം സുരക്ഷ സംബന്ധിച്ച് ഏപ്രിൽ 17 ന് നടക്കാനിരുന്ന ചർച്ചയാണ്നിർത്തിവച്ചത്. പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസി ഉദ്യേഗസ്ഥരെ സ്വീകരിക്കില്ലെന്ന് ഇന്ത്യ പാകിസ്താനെ അറിയിച്ചു.

ജമ്മു കശ്മീരിലെ ഉറി സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തെ തുടർന്ന് നിർത്തിവെച്ച ഉഭയകക്ഷി ചർച്ച തുടങ്ങാൻ ഇന്ത്യ തീരുമാനിച്ച വിവരം മാർച്ച് 27 ന് ടൈംസ്ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.

അതിനിടെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മൂന്ന് ഏജന്റുമാരെ പിടികൂടിയെന്ന് പാകിസ്താൻ സൈന്യത്തെ ഉദ്ധരിച്ച് ജിയോ ടിവി റിപോർട് ചെയ്തു. പാക് അധീന കശ്മീരില്‍ നിന്നുമാണ് ഇന്ത്യയുടെ ചാരന്‍മാരെ പിടികൂടിയതെന്നാണ് പാകിസ്താന്റെ വാദം. അബ്ബാസ്പൂര്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനേയും സഹായികളേയുമാണ് പിടികൂടിയതെന്ന് ജിയോ ചാനല്‍ വാര്‍ത്ത നല്‍കി.