ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ യൂത്ത് കൗണ്‍സില്‍

10:18 pm 15/4/2017

– ബ്രിജിറ്റ് ജോര്‍ജ്

ഷിക്കാഗോ: മാര്‍ തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ യൂത്ത് പാരിഷ് കൗണ്‍സില്‍ രൂപീകരിച്ചു. യൂത്ത് ട്രസ്റ്റി ജോ കാണിക്കുന്നേലിന്റെ നേതൃത്വത്തില്‍ 28 യുവജനങ്ങള്‍ ഉള്‍പ്പെടുന്ന യൂത്ത് കൗണ്‍സില്‍ ഈസ്റ്റര്‍ വിജിലിനോടനുബന്ധിച്ച് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുമ്പാകെ സത്യപ്രതിജ്ഞചെയ്ത് ചുമതല ഏറ്റെടുക്കും.

ഇടവകസമൂഹത്തിലെ യുവജനങ്ങള്‍, സി,സി.ഡി വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയെന്നുള്ളതാണ് ഈ കൗണ്‌സിലിന്റെ നിയോഗം. ഇടവക പാരിഷ് കൗണ്‌സിലിന്റെ തുടര്‍ച്ചയായിട്ടാവും യൂത്ത് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്.

സാമൂഹ്യസേവനം, കോളേജ് കാമ്പസ് മിനിസ്ട്രി, വിശ്വസപരിശീലനങ്ങള്‍, പ്രെയ്സ് നൈറ്റ്, മെന്റോര്‍ഷിപ് പ്രോഗ്രാംസ്, ന്യൂസ് ലെറ്റര്‍, സീറോ മലബാറിന്റെ വ്യക്തിത്വത്തെയും പ്രവര്‍ത്തനങ്ങളെയും യുവജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള സഭാത്മക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പ്രധാനമായും 16 പ്രോഗ്രാമുകള്‍ ആയിരിക്കും ആദ്യഘട്ടത്തില്‍ കൗണ്‍സില്‍ നടപ്പാക്കുക. ഇപ്പോള്‍ കത്തീഡ്രല്‍ ഇടവകാംഗങ്ങളില്‍ പകുതിയിലധികവും യുവകുടുംബങ്ങളും യുവാക്കളും കുട്ടികളും ബാലികാബാലന്മാരുമാണ്. ഇടവകയുടെ ഭാവിവാഗ്ദാനങ്ങളായ ഇവരെ ഇതിന്റെ പ്രവര്‍ത്തനങ്ങളുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്നതാണ് കൗണ്‍സിലിന്റെ ലക്ഷ്യം.

ഈ ലക്ഷ്യം കൈവരിക്കുന്നതിനോടനുബന്ധിച്ചുള്ള പ്രോഗ്രാമുകളെക്കുറിച്ച് യുവജനപ്രതിനിധികളായ ജോ കാണിക്കുന്നേല്‍, എബിന്‍ കുര്യാക്കോസ്, ഓസ്റ്റിന്‍ ളകയില്‍, ജിബു ജോസഫ്, കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, അസിസ്റ്റന്റ് വികാരി റവ. ഡോ. ജെയിംസ് ജോസഫ് എന്നിവര്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിനെ സന്ദര്‍ശിച്ച് വിശദ ചര്‍ച്ചകള്‍ നടത്തി.