ഈസ്റ്റര്‍ ആശംസകള്‍- അമേരിക്കന് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍

09:11 am 16/4/2017

– (എബി മക്കപ്പുഴ)

ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് പ്രത്യക്ഷപ്പെട്ട സന്ദര്ഭങ്ങളിലെല്ലാം പറഞ്ഞതിതാണ് (മത്താ28:5, യോഹ20:21,26) ”ഭയപ്പെടേണ്ട”; അഥവാ ”നിങ്ങള്ക്ക് സമാധാനം”. പല കാരണങ്ങളാല് ഭയപ്പെട്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില് ഉയിര്പ്പിന്റെ സന്ദേശത്തിന്റെ പ്രാധാന്യം ഇതാണ്.

ശാരീരികരോഗങ്ങളെക്കുറിച്ചുള്ള ഭയം, മക്കളെക്കുറിച്ചുള്ള ഭയം, ഭാവിയെക്കുറിച്ചുള്ള ഭയം, കുടുംബബന്ധങ്ങളെക്കുറിച്ചുള്ള ഭയം ഇങ്ങനെ പലകാര്യങ്ങളിലും മനുഷ്യന് ഭയപ്പെട്ടിരിക്കുന്നു. ഇവിടെ വേദപുസ്തകം നല്കുന്ന ”ഭയപ്പെടേണ്ട” എന്ന ദൈവികചിന്ത നമ്മെ എപ്പോഴും ആശ്വസിപ്പിച്ചു നടത്തേണ്ടതാണ്. മൂന്നൂറിലധികം പ്രാവശ്യം വിശുദ്ധ വേദപുസ്തകത്തില് ഭയപ്പെടേണ്ട എന്ന ദൈവസന്ദേശം രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ഭാരങ്ങള് വഹിക്കുവാന്, നമ്മുടെ വേദനകളെ അറിയുന്ന കണ്ണുനീര് തുടയ്ക്കുന്ന, കൈവിടാതെ കൂടെയിരിക്കുന്ന ഒരു ദൈവം ജീവിക്കുന്നു. ഈശോയുടെ ജനനവേളയില് മാലാഖമാര് ആശംസിച്ചതും ഉത്ഥാനം ചെയ്ത ഈശോ ശിഷ്യന്മാരോട് ആശംസിച്ചതും നിങ്ങള്ക്ക് സമാധാനം എന്നാണ്. സമാധാനമില്ലാത്ത എല്ലാ സാഹചര്യങ്ങളിലേയ്ക്കും ഈശോയെ കൂട്ടിക്കൊണ്ട് വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉയിര്പ്പുതിരുനാള് നമ്മെ ഓര്മ്മിപ്പിക്കുന്നു. അത് ഇന്നത്തെ കാലഘട്ടത്തില് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹജീവിതത്തിലും തുടങ്ങി രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വരെയും എത്തി നില്ക്കുന്നു.

അമ്പതുനാളത്തെ നോമ്പിലൂടെയും ഉപവാസത്തിലൂടെയും നാം ഈശോയുടെ ഉയിര്പ്പിനായി ഒരുങ്ങുകയായിരുന്നു. ഈ കാലയളവില് പലതും ഉപേക്ഷിച്ചു. നമ്മുടെ പല ശീലങ്ങളും വേണ്ടെന്ന് വെച്ചു. എന്നാല് ഉയിര്പ്പിനുശേഷം പഴയ ജീവിതത്തിലേക്ക് മടങ്ങിയ ശിഷ്യന്മാരെപ്പോലെ ഇത്രയും നാളത്തെ ഉപവാസവും പ്രാര്ത്ഥനയും പ്രായശ്ചിത്ത പ്രവര്ത്തികളും ഒരു നഷ്ടമായി കരുതി, നഷ്ടപ്പെട്ടതൊക്കെയും ഒറ്റയടിക്ക് വീണ്ടെടുക്കുവാനുള്ള പ്രലോഭനം നമുക്കും ഉണ്ടാകാം.ഉയിര്പ്പ് എന്നത് പാപം നിറഞ്ഞ പഴയ മനുഷ്യനില് നിന്നും ദൂശ്ശീലങ്ങളില് നിന്നും പാപസാഹചര്യങ്ങളില് നിന്നുമുള്ള ഒരു ഉയിര്‍ന്നെഴുന്നേല്പ് കൂടിയാണ്.

സമാധാനമില്ലാത്ത ഈ ലോക ജീവിതത്തില് ഉയിര്പ്പിന്റെ അനുഭവത്തില് വ്യക്തി ജീവിതങ്ങളെ ക്രമീകരിക്കാംഭയരഹിതമായ പ്രത്യാശ നിറഞ്ഞ ഈസ്റ്റര് അമേരിക്കന് മലയാളി വെല്‌ഫെയര് അസോസിയേഷന് എല്ലാ പ്രവാസി മലയാളികള്ക്കും ആശംസിക്കുന്നു.