09:24 am 17/4/2017
ന്യൂഡൽഹി: രാജ്യത്തെ 10 ഹൈക്കോടതികളിൽ 51 ജഡ്ജിമാരെ നിയമിക്കാൻ സുപ്രീംകോടതി കൊളീജിയത്തിന്‍റെ ശുപാർശ. ചീഫ് ജസ്റ്റീസ് ജെ.എസ് ഖെഹർ അധ്യക്ഷനായ കൊളീജിയമാണ് ജഡ്ജിമാരെ നിയമിക്കാൻ ശുപാർശ നൽകിയത്.
ബോംബൈ ഹൈക്കോടതിയിൽ 14ഉം പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ഒൻപതും വീതം ജഡ്ജിമാരെയും നിയമിക്കാനാണ് ശുപാർശ. പാറ്റ്ന, തെലുങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ആറു പേരെ വീതവും ഡൽഹി, ഛത്തീസ്ഗഢ് എന്നിവടങ്ങളിൽ നാലു പേരെയും നിയമിക്കണമെന്ന് ശുപാർശ ചെയ്ത കൊളീജിയം ജമ്മുകാഷ്മീരിൽ മൂന്നു പേരെയും ജാർഖണ്ഡ്, ഗുവഹാത്തി എന്നിവടങ്ങളിൽ രണ്ട് പേരെ വീതവും നിയമിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
ഹൈക്കോടതികളിലെ 41 ശതമാനം ജഡ്ജിമാരുടെ ഒഴിവുകളും ഇനിയും നികത്തിയിട്ടില്ല. 1,079 ജഡ്ജിമാർ വേണ്ട സ്ഥാനത്ത് ആകെ 679 പേർ മാത്രമാണ് നിലവിലുള്ളത്. കേസുകൾ നീണ്ട് പോകുന്നതിന് ഇത് കാരണമാവുന്നുവെന്ന് പരാതികളുയർന്നിരുന്നു. ഈ പശ്ചാലത്തിലാണ് ജഡ്ജിമാരുടെ കൊളീജിയം സുപ്രധാന നിർദേശം മുന്നോട്ട് വച്ചത്.