09:05 am 23/4/2017
മുംബൈ: മുംബൈഇന്ത്യൻസിന് 14 റൺസ് ജയം. മുംബൈയുടെ 142 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റിന് 128 റൺസെടുക്കാനെ സാധിച്ചുള്ളു. മുൻനിര തകർന്നടിഞ്ഞതാണ് ഡൽഹിയെ തോൽവിയിലേക്ക് തള്ളിയിട്ടത്.
റബാഡയും (44) അർധസെഞ്ചുറിയുമായി ക്രിസ് മോറിസും (52) മാത്രമാണ് ഡൽഹി നിരയിൽ പൊരുതിയത്. ഇവരൊഴിച്ച് ഡൽഹി ബാറ്റ്സ്മാൻമാർ ആരും രണ്ടക്കം കടന്നില്ല. ആറിന് 24 എന്ന നിലയിൽ തകർന്ന ഡൽഹിയെ റബാഡയും മോറിസും മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. വിജയത്തിന്റെ പടിക്കൽ റബാഡ വീണതാണ് ഡൽഹിക്കു വിനയായത്. അവസാന ഓവർവരെ മോറിസ് പൊരുതിയെങ്കിലും വിജയത്തിനതു തികയുമായിരുന്നില്ല. ആദിത്യ തരെ, കോറി ആൻഡേഴ്സൺ, ഋഷഭ് പന്ത് എന്നിവർ സംപൂജ്യരായാണ് മടങ്ങിയത്. സഞ്ജു സാംസൺ ഒന്പതു റൺസെടുത്ത് മടങ്ങിയപ്പോൾ അഞ്ചു റൺസ് മാത്രമായിരുന്നു കരുൺ നായരുടെ സമ്പാദ്യം.
മുംബൈ നിരയിലും ആർക്കും തിളങ്ങാൻ സാധിച്ചില്ല. ജോസ് ബറ്റ്ലറാണ് (28) മുംബൈയുടെ ടോപ് സ്കോറർ. ബാറ്റിംഗിൽ പരാജയപ്പെട്ട മുംബൈയെ മിച്ചൽ മക്ലെൻഹനാണ് രക്ഷിച്ചത്. നാല് ഓവറിൽ 24 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ മക്ലെൻഹന്റെ പ്രകടനമാണ് മുംബൈ വിജയത്തിൽ നിർണായകമായത്. ജസ്പ്രീത് ബുംബ്ര നാല് ഓവറിൽ 21 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ മുന്നിലെത്തി.