മുംബൈ: അമിത ഭാരം കുറയ്ക്കാൻ ഇന്ത്യയിൽ ചികിത്സയ്ക്കെത്തിയ ഈജിപിഷ്യൻ യുവതി ഇമാൻ അഹമ്മദിനെ അബുദാബി വിപിഎസ് ഹെൽത്ത്കെയറിലെ ഡോക്ടർമാർ സന്ദർശിച്ചു. വിപിഎസിലെ ഡേക്ടർമാർ സെയ്ഫിയിലെ ഡോക്ടർമാരുമായി ഇമാന്റെ ആരോഗ്യനില ചർച്ച ചെയ്തു. ബുധാനാഴ്ചയാണ് വിപിഎസിലെ നാല് ഡോക്ടർമാരും മൂന്ന് മാനേജ്മെന്റ് അധികൃതരും ആശുപത്രിയിൽ എത്തിയത്.
അതേസമയം, ഇമാന്റെ ആരോഗ്യനില വളരെ മോശമായി തുടരുകയാണെന്നും അവർക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും സാധിക്കുന്നില്ലെനന്നും സഹോദരി ഷെയ്മ സലിം ആരോപിച്ചു. ഈ സാഹചര്യം നേരിടാൻ മുംബൈ ആശുപത്രി അധികൃതർക്കു സാധിക്കാത്തതിനാലാണ് ഇമാനെ ഡിസ്ചാർജ് ചെയ്യാൻ ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
നേരത്തെ, മുംബൈ സെയ്ഫി ആശുപത്രിക്കെതിരെയും ഡോക്ടർമാർക്കെതിരേയും ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. ഇമാന്റെ ഭാരം കുറഞ്ഞിട്ടില്ലെന്നും ആശുപത്രി അധികൃതർ കളവ് പറയുകയാണെന്നും ആരോപിച്ച് സഹോദരി ഷെയ്മ സലിം ആണ് രംഗത്തെത്തിയത്. ഇമാന് ഇപ്പോൾ 240 കിലോവരെയുണ്ടെന്നും വീഡിയോയിലൂടെ സഹോദരി ആരോപിക്കുന്നു.
എന്നാൽ ഷെയ്മയുടെ ആരോപണം ശരിയല്ലെന്നും ഇമാന്റെ ഡിസ്ചാർജ് വൈകിപ്പിക്കാനുള്ള നീക്കമാണ് ബന്ധുക്കൾ നടത്തുന്നതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. ഇമാന്റെ ശരീരഭാരം 151 കിലോവരെ എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ അവകാശപ്പെടുന്നത്.